അപകടക്കെണിയായി നവീകരിച്ച ഇരിട്ടി-പേരാവൂർ റോഡ്

Share our post

ഇരിട്ടി :നവീകരണം നടന്നതോടെ റോഡിൽ നിത്യവും ഉണ്ടാകുന്നത് നിരവധി അപകടങ്ങൾ. ആകെത്തകർന്ന് പൊട്ടിപ്പൊളിഞ്ഞ റോഡ് ഒരു പതിറ്റാണ്ടിന് ശേഷം നവീകരണ പ്രവർത്തി നടന്നതോടെ റോഡ് പൊങ്ങിയതും അരികുകളുടെ ഭാഗത്ത് വൻ ഗർത്തങ്ങൾ ഉണ്ടായതുമാണ് നിരന്തരം അപകടങ്ങൾക്കു കാരണമാകുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്ബോൾ റോഡിൽ നിന്നും തെന്നിമാറി ഇത്തരം ഗർത്തങ്ങങ്ങളിൽ വീഴുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. നിത്യവും നിരവധി അപകടങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും മരണം ഒന്നും സംഭവിക്കാതെ യാത്രക്കാർ രക്ഷപ്പെടുന്നതിനാലാണ് വലിയ വാർത്തയാവാതെ പോകുന്നത്.

ഞായറാഴ്ച ഉച്ചയോടെ പേരാവൂർ ഭാഗത്തുനിന്നും വരികയായിരുന്ന സ്ത്രീകൾ അടങ്ങുന്ന കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കാറിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റു. പയഞ്ചേരി വായനശാലക്കു സമീപം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ റോഡരികിലെ കുഴിയിലേക്ക് കാറിന്റെ ടയർ ഇറങ്ങിപ്പോവുകയും സമീപം റോഡരികിൽ കൂട്ടിയിട്ട മൺകൂനയിൽ തട്ടി കാർ തലകീഴായി മറിയുകയും ചെയ്തു.

ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. റോഡിന്റെ നവീകരണ പ്രവൃത്തി കഴിഞ്ഞിട്ട് രണ്ടു മാസം പിന്നിടുകയാണ്. റോഡിൻ്റെ അപകടാവസ്ഥ വാർത്തയായതോടെ ഇത്തരം കുഴികൾ മൂടുക എന്ന ലക്ഷ്യത്തോടെ റോഡരികിൽ പലയിടങ്ങളിലായി മണ്ണ് കൊണ്ടിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും പ്രവൃത്തികളൊന്നും നടന്നില്ല. രാപ്പകലില്ലാതെ മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിനോട് അധികൃതർ കാണിക്കുന്നത് വലിയ അനാസ്‌ഥയാണ്. നിത്യവും ഞങ്ങൾ അപകടങ്ങൾ കണ്ട് മടുത്തെന്നും ഇതിനു അടിയന്തിര പരിഹാരം കണമെന്നുമാണ് റോഡരികിലെ താമസക്കാരും പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!