പുതിയ സിലബസ്, പുതിയ പുസ്തകങ്ങള്‍; മെയ് പത്തിനകം പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കും

Share our post

തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കും മുമ്പേ പാഠപുസ്തക വിതരണം പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു. സംസ്ഥാന സിലബസ് പിന്തുടരുന്ന സ്കൂളുകളില്‍ മെയ് 10നകം ഒന്നാം വാല്യം പാഠപുസ്തകങ്ങള്‍ വിദ്യാർഥികളുടെ കൈകളില്‍ എത്തിക്കാനാണ് തീരുമാനം. കഴിഞ്ഞ അധ്യയന വർഷത്തേക്കാള്‍ മൂന്നാഴ്ച മുമ്പ് തന്നെ പുസ്തകങ്ങള്‍ വിതരണം ചെയ്യാൻ ഈ വർഷം വകുപ്പിന് സാധിച്ചു. 2, 4, 6, 8, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സമഗ്ര പരിഷ്കരണത്തിന് വിധേയമായിട്ടും ഇത്തവണ നേരത്തെ വിതരണം ഉറപ്പാക്കാൻ വകുപ്പിന് കഴിഞ്ഞു. 10-ാം ക്ലാസിലെ പുതിയ സിലബസ് പുസ്തകങ്ങള്‍ കഴിഞ്ഞ അധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പ് സ്കൂളുകളില്‍ എത്തിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 443 പാഠപുസ്തകങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചു. ഇതില്‍ 1, 3, 5, 7, 9 ക്ലാസുകളിലെ 238 പുസ്തകങ്ങളും ഈ വർഷം പരിഷ്കരിച്ച 2, 4, 6, 8, 10 ക്ലാസുകളിലെ 205 പുസ്തകങ്ങളും ഉള്‍പ്പെടുന്നു. കോവിഡിന് മുമ്പ് പാഠപുസ്തക അച്ചടിയും വിതരണവും പ്രതിസന്ധിയിലായിരുന്നു. എന്നാല്‍, കോവിഡിന് ശേഷം വകുപ്പ് മുൻകൂട്ടി ഷെഡ്യൂള്‍ തയാറാക്കി കാര്യക്ഷമമായി പ്രവർത്തിച്ചു. 2024-25 അധ്യയന വർഷത്തില്‍ 3,53,43,900 പാഠപുസ്തകങ്ങള്‍ അച്ചടിച്ച്‌ മാർച്ച്‌ മൂന്നാം വാരം മുതല്‍ വിതരണം ആരംഭിച്ച്‌ മെയ് അവസാന വാരം പൂർത്തിയാക്കി. അടുത്ത അധ്യയന വർഷത്തേക്കായി 3,94,97,400 പാഠപുസ്തകങ്ങള്‍ അച്ചടിച്ചിട്ടുണ്ട്. മാർച്ച്‌ ആദ്യ വാരം ആരംഭിച്ച വിതരണം മെയ് 10നകം പൂർത്തിയാക്കാൻ വകുപ്പ് ലക്ഷ്യമിടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!