കോളയാട്ട് മത്സ്യമാലിന്യം ശ്മശാനത്തിൽ കുഴിച്ചിട്ട സംഭവം;ആരോപണങ്ങൾ അടിസ്ഥാനരഹിതം

പേരാവൂർ: കോളയാട് പഞ്ചായത്ത് മത്സ്യമാർക്കറ്റിലെ മലിനജലം പഞ്ചായത്തിന്റെ പൊതുശ്മശാനത്തിൽ കുഴിച്ചുമൂടിയതിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ടൗണിന്റെ ഹൃദയഭാഗത്തുള്ള മത്സ്യമാർക്കറ്റിന്റെ ടാങ്കുകൾ നിറഞ്ഞ് ടൗണിൽ ദുർഗന്ധം വമിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു.
ഈയൊരു സാഹചര്യത്തിൽ 14 അംഗ ഭരണസമിതി യോഗം ചേർന്നാണ് ഐക്യകണ്‌ഠേന മാർക്കറ്റിലെ മലിനജലം ശ്മശാനത്തിൽ കുഴിച്ചിടാൻ തീരുമാനിച്ചത്. ശ്മശാനത്തിന്റെ ഒഴിഞ്ഞ സ്ഥലത്ത് വലിയ കുഴിയെടുത്ത് മലിനജലം നിക്ഷേപിച്ച് പൂർണ്ണമായും മണ്ണിട്ട് മൂടുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് വൈസ്.പ്രസിഡന്റിന്റെയുംഅസി.സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയത്.
വസ്തുത ഇതായിരിക്കെ, പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണ്. ടൗണിൽ ഉണ്ടായേക്കാവുന്ന ഗുരുതര മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ളശ്രമമാണ് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയതെന്ന് പൊതുജനങ്ങൾ മനസിലാക്കണമെന്നും ഭരണസമിതി അഭ്യർഥിച്ചു.
പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.റിജി, വൈസ്.പ്രസിഡന്റ് കെ.ഇ.സുധീഷ്‌കുമാർ, ടി.ജയരാജൻ, പി.ഉമാദേവി, പി.സുരേഷ് എന്നിവർ സംസാരിച്ചു.