അവധിക്കാലമായതോടെ ബജറ്റ് ടൂറിസം വീണ്ടും ഹിറ്റിലേക്ക്; കെ.എസ്.ആർ.ടി.സിയില്‍ ട്രിപ്പടിക്കാന്‍ വന്‍തിരക്ക്

Share our post

വേനലവധിക്കാലത്ത് വിനോദസഞ്ചാര മേഖലയിലേക്കുള്ള കെഎസ്ആര്‍ടിസി യാത്രയില്‍ തിരക്കേറുന്നു. മൂന്നാര്‍, വാഗമണ്‍, ഗവി, തേക്കടി, കുമരകം, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ സഞ്ചാരികള്‍ കെഎസ്ആര്‍ടിസി യാത്ര തിരഞ്ഞെടുക്കുന്നത്.

മൂന്നാര്‍ തണുപ്പ് മുതല്‍ വാഗമണ്‍ പച്ചപ്പു വരെ

കോട്ടയം സ്റ്റാന്‍ഡില്‍ നിന്ന് മൂന്നാറിലേക്കാണ് കൂടുതല്‍ സഞ്ചാരികള്‍ യാത്ര പോകുന്നത്.

* ഏറ്റുമാനൂര്‍, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി വഴി മൂന്നാറിലേക്കുള്ള യാത്രയ്ക്ക് ഒരാള്‍ക്ക് ചാര്‍ജ് 212 രൂപയാണ്. നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ യാത്രാസമയം.

* മൂന്നാര്‍ കഴിഞ്ഞാല്‍ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന മറ്റൊരു സ്ഥലം തേക്കടി. കോട്ടയത്തുനിന്ന് നേരിട്ട് രാവിലെ 9.50-നും വൈകീട്ട് 5.10-നുമാണ് സര്‍വീസ് .ഇതിന് പുറമേ മറ്റ് സ്റ്റാന്‍ഡുകളില്‍ നിന്നെത്തുന്ന സര്‍വീസുകളുമുണ്ട്. ടിക്കറ്റ് നിരക്ക് 161 രൂപ. മൂന്നുമുതല്‍ അഞ്ചു മണിക്കൂറാണ് യാത്രാസമയം. പാമ്പാടി, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, കുമളി വഴിയാണ് തേക്കടി സര്‍വീസ്.• ആലപ്പുഴയാണ് മറ്റൊരു യാത്രായിടം. ബോട്ടിങ്ങും കടല്‍ത്തീരവും ആസ്വദിക്കാനാണ് ആലപ്പുഴ യാത്രക്കാരുടെ പ്രധാന ലക്ഷ്യം. രാവിലെ 8.10 മുതല്‍ 5.40 വരെ അര മണിക്കൂര്‍ ഇടവിട്ട് ആലപ്പുഴ സര്‍വീസുണ്ട്. ടിക്കറ്റ് നിരക്ക് 100 രൂപ. ഓര്‍ഡിനറി ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് എന്നീ ബസുകളും ആലപ്പുഴയ്ക്കുണ്ട്. ഇല്ലിക്കല്‍, കുമരകം, കാവണാറ്റിന്‍കര, തണ്ണീര്‍മുക്കം, ബണ്ട് റോഡ്, മണ്ണഞ്ചേരി വഴിയാണ് ആലപ്പുഴ സര്‍വീസ്. പോകുംവഴി കുമരകവും തണ്ണീര്‍മുക്കവും സന്ദര്‍ശിക്കുന്നവരും എണ്ണത്തില്‍ മുന്നിലാണെന്ന് കോട്ടയം ടിക്കറ്റ് കൗണ്ടര്‍ ഉദ്യോഗസ്ഥന്‍ മനോജ് പറഞ്ഞു.

* കോട്ടയത്തിന് പുറമേ ഈരാറ്റുപേട്ട, ചേര്‍ത്തല, പാലാ, ചങ്ങനാശ്ശേരി സ്റ്റാന്‍ഡുകളില്‍നിന്നും വിവിധ വിനോദസഞ്ചാരമേഖലകളിലേക്ക് ബസുണ്ട്. =

* ഈരാറ്റുപേട്ടയില്‍നിന്നും ആലപ്പുഴ, ചേര്‍ത്തലയില്‍നിന്നും പഴനി, പാലായില്‍ നിന്നും ഇല്ലിക്കല്‍ക്കല്ല്, ഇലവീഴാപ്പൂഞ്ചിറ, വാഗമണ്‍, ചങ്ങനാശ്ശേരിയില്‍നിന്ന് മൂന്നാര്‍, ഗവി മേഖലകളിലേക്കും ബസുണ്ട്.

ആരാധനാലയങ്ങളിലേക്കും

കേരളത്തിനകത്തും പുറത്തേക്കുമുളള ആരാധനാലയങ്ങളിേലക്കും യാത്രക്കാരുടെ തിരക്കുണ്ട്. ഗുരുവായൂര്‍, ചക്കുളത്തുകാവ്, മധുര, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ തിരക്ക്. യാത്രക്കാര്‍ കൂടിയതോടെ നിര്‍ത്തലാക്കിയ കോട്ടയം-വേളാങ്കണ്ണി ബസ് സര്‍വീസ് പുനരാരംഭിച്ചു.

* ചങ്ങനാശ്ശേരിയില്‍നിന്ന് ദിവസവുമുള്ള വേളാങ്കണ്ണി സര്‍വീസ് വൈകീട്ട് മൂന്നിന് കോട്ടയത്ത് എത്തും. വേളാങ്കണ്ണിയിലേക്ക് 850 രൂപയാണ് ടിക്കറ്റ് നിരക്ക്.

* അവധിക്കാലത്തിന്റെ തുടക്കത്തില്‍ മധുരയിലേക്ക് തിരക്ക് കൂടുതലായിരുന്നു. രാത്രി 8.30-നും 9.30-നും സര്‍വീസുണ്ട്. ഇതിനുപുറമേ മംഗലാപുരം, തെങ്കാശി, ബെംഗളൂരു എന്നിവിടങ്ങളിലേക്കും കോട്ടയത്തുനിന്ന് സര്‍വീസുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!