രണ്ടു വയസ്സുകാരിയുടെ തലയിൽ പാത്രം കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

തലശേരി: കളിക്കുന്നതിനിടെ തലയിൽ അലൂമിനിയം പാത്രം കുടുങ്ങിയ രണ്ടു വയസ്സുകാരിയെ രക്ഷപ്പെടുത്തി തലശേരി അഗ്നിരക്ഷാസേന. അണ്ടലൂർ ബാലവാടിക്കടുത്ത മുണ്ടുപറമ്പിൽ അഷിമയുടെ തലയിലാണ് പാത്രം കുടുങ്ങിയത്. അടുക്കളയിൽ അലൂമിനിയം പാത്രംകൊണ്ട് കളിക്കുമ്പോഴാണ് അബദ്ധംപറ്റിയത്. ഊരിമാറ്റാൻ കഴിയാതെ വന്നപ്പോഴാണ് കരയുന്ന കുട്ടിയേയുംകൊണ്ട് വീട്ടുകാർ ഫയർ സ്റ്റേഷനിൽ എത്തിയത്. കുടുങ്ങിയ പാത്രം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചു നീക്കി. അസി. സ്റ്റേഷൻ ഓഫീസർ ഒ.കെ.രജീഷ്, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ബി ജോയ്, ബിനീഷ് നെയ്യോത്ത് എന്നിവർ ചേർന്നാണ് പാത്രം മുറിച്ചുമാറ്റിയത്.