ബി.പി.എല്‍ വിഭാഗക്കാര്‍ക്കുള്ള സൗജന്യ കെഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍: ഡാറ്റ ലിമിറ്റില്‍ വര്‍ധന

Share our post

തിരുവനന്തപുരം : കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെഫോണ്‍ പദ്ധതിയില്‍ ഡാറ്റാ ലിമിറ്റില്‍ വര്‍ധനവ്. 20 എംബിപിഎസ് വേഗതയില്‍ ഓരോ ദിവസവും 1.5 ജിബി വീതമായിരുന്ന ഇന്റര്‍നെറ്റ് ഡാറ്റാ ലിമിറ്റ് 20 എംബിപിഎസ് വേഗതയില്‍ ഒരു മാസത്തേക്ക് 1000 ജിബിയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ആദിവാസി മേഖലകളിലും ദ്വീപ് പ്രദേശങ്ങളിലുമുള്‍പ്പടെ സംസ്ഥാനത്താകെ 8099 ബിപിഎല്‍ കണക്ഷനുകളാണ് കെഫോണ്‍ ഇതുവരെ സൗജന്യമായി നല്‍കിയിരിക്കുന്നത്.ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പുതിയ സൗജന്യ കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാകുന്നതിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിച്ചുകൊണ്ട് സൗജന്യ ബിപിഎല്‍ കണക്ഷനായി അപേക്ഷിക്കാവുന്നതാണ്. റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്‍കുവാന്‍ സാധിക്കുക. കണക്ഷന്‍ ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പില്‍ മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്.

കൂടാതെ 9061604466 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘KFON BPL’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്‌സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകള്‍ ഓണ്‍ലൈനില്‍ കൂടി മാത്രമേ സ്വീകരിക്കുകയുള്ളൂ. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങള്‍ നല്‍കുക. നിലവില്‍ കെഫോണ്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാകും. ഇന്റര്‍നെറ്റിന്റെ പരിധിയില്‍ നിന്ന് ആരും മാറ്റിനിര്‍ത്തപ്പെടരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് കെഫോണ്‍ പരിശ്രമിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ്ങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐഎഎസ് പറഞ്ഞു. രാജ്യത്ത് ആദ്യമായി ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ചത് നമ്മുടെ കേരളത്തിലാണ്. അപേക്ഷ പ്രകാരം സേവനം നല്‍കുന്നത് തുടരുകയാണെന്നും എല്ലാവരെയും ഡിജിറ്റലി സാക്ഷരരാക്കുന്നതിന് കെഫോണ്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!