കുതിപ്പിൽ കുടുംബശ്രീ പ്രീമിയം കഫേകൾ, അഞ്ചു യൂണിറ്റുകളുടെ ഒരുവർഷത്തെ വരുമാനം അഞ്ചു കോടി

Share our post

രുചിയും ഗുണനിലവാരവും ശുചിത്വവും കൈകോർത്തപ്പോൾ കുടുംബശ്രീ പ്രീമിയം കഫേകൾ ആദ്യ വർഷംതന്നെ വൻ ലാഭത്തിൽ. കഴിഞ്ഞ വർഷം തുടങ്ങിയ അഞ്ചു യൂണിറ്റുകൾ ചേർന്ന് അഞ്ചു കോടിയിലധികം രൂപയാണ് വരുമാനം നേടിയത്.കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രീമിയം ബ്രാൻഡ് ശൃംഖല വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന കുടുംബശ്രീ മിഷൻ. തൃശ്ശൂർ, എറണാകുളം, കണ്ണൂർ, വയനാട്, പത്തനംതിട്ട ജില്ലകളിലെ അഞ്ച്‌ കഫേകളാണ് അഞ്ചുകോടി രൂപയുടെ ഭക്ഷണം വിളമ്പിയത്. ലക്ഷ്യവും മറികടന്ന് ചില യൂണിറ്റുകൾക്ക് 50,000 രൂപവരെ ദിവസവരുമാനം ലഭിച്ചുതുടങ്ങിയതായി കുടുംബശ്രീ മിഷൻ അധികൃതർ പറഞ്ഞു.

രണ്ടാംഘട്ടമായി ഈ മാസം കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, കാസർകോട്, മലപ്പുറം ജില്ലകളിലും യൂണിറ്റുകൾ തുടങ്ങിക്കഴിഞ്ഞു. പാലക്കാട്, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കഫേകൾ തുടങ്ങാനുള്ള ഒരുക്കത്തിലുമാണ്. പ്രാദേശിക വിഭവങ്ങൾക്കു പുറമേ, കേരളത്തിനകത്തും പുറത്തും ഹിറ്റായ കുടുംബശ്രീയുടെ പ്രത്യേക വിഭവങ്ങളും കഫേകളിൽ ലഭിക്കും.

അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, മാലിന്യ സംസ്കരണം, പാഴ്സൽ സർവീസ്, കാറ്ററിങ്, ഓൺലൈൻ സേവനങ്ങൾ, ശൗചാലയങ്ങൾ, പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളും പ്രത്യേകതയാണ്. ഒരേസമയം, കുറഞ്ഞത് അമ്പത് പേർക്കെങ്കിലും ഇരുന്ന് കഴിക്കാൻ പറ്റുന്ന എസി സൗകര്യമുള്ള കഫേകൾ ദിവസം 12 മണിക്കൂറെങ്കിലും പ്രവർത്തിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!