ഒരുവീട്ടിലെ എല്ലാവര്‍ക്കും വാഹനം വേണ്ട; പെട്രോള്‍/ഡീസല്‍ കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം വരുന്നു

വാഹനപെരുപ്പവും അതേതുടര്‍ന്നുള്ള അന്തരീക്ഷ മലിനീകരണവും മൂലം പൊറുതിമുട്ടുകയാണ് രാജ്യതലസ്ഥാനമായ ഡല്‍ഹി. മലിനീകരണം കുറയ്ക്കുന്നതിനാവശ്യമായ പല നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ലെന്നതാണ് വിലയിരുത്തലുകള്‍. കാലപ്പഴക്കം ചെന്ന പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ നിരോധനം, ഇലക്ട്രിക്-സിഎന്‍ജി വാഹനങ്ങളുടെ പ്രോത്സാഹനം തുടങ്ങിയവയ്ക്ക് പുറമെ അല്‍പ്പം കടുത്ത നടപടിയിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ നീങ്ങാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.ഒരു കുടുംബത്തിലേക്ക് വാങ്ങാവുന്ന ഫോസില്‍ ഫ്യുവല്‍ (പെട്രോള്‍/ഡീസല്‍) കാറുകളുടെ എണ്ണത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണം വരുത്താനൊരുങ്ങുന്നത്.
ഇതിനൊപ്പം പെട്രോള്‍ ഉപയോഗിക്കുന്ന സ്‌കൂട്ടറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും പൂര്‍ണ നിരോധനവും ഡല്‍ഹി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. മലിനീകരണം തടയുന്നതിനായി തയാറാക്കിയിട്ടുള്ള കരട് നിര്‍ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നിര്‍ദേശം അനുസരിച്ച് ഒരു വീട്ടിലേക്ക് വാങ്ങാവുന്ന ഫോസില്‍ ഫ്യുവല്‍ കാറുകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തുമെന്നാണ് വിലയിരുത്തലുകള്‍. ഇതിനൊപ്പം ആളുകളെ ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. വാഹനങ്ങളുടെ വിലയില്‍ 15 ശതമാനം വരെ കുറവ് ഉറപ്പാക്കുന്ന തരത്തിലുള്ള നികുതി ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി ഒരുക്കുന്നത്.
2030-ഓടെ ഡല്‍ഹിയിലെ മൊത്തം വാഹനത്തിന്റെ 30 ശതമാനം ഇലക്ട്രിക് ആക്കുകയെന്ന ലക്ഷ്യവും ഈ നിയന്ത്രണത്തിനും നിരോധനത്തിലും പിന്നിലുണ്ട്. ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നിയന്ത്രണത്തിന് പിന്നാലെ പെട്രോള്‍ സ്‌കൂട്ടറുകളുടെയും ബൈക്കുകളുടെയും വില്‍പ്പന പൂര്‍ണമായും നിരോധിക്കുകയും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ സ്വന്തമാക്കുന്ന ആളുകള്‍ക്കുള്ള ഇന്‍സെന്റീവ് ഉയര്‍ത്താനും സര്‍ക്കാര്‍ നീക്കമുണ്ട്. 2027 ഏപ്രില്‍ ഒന്നോടെ നിരോധനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്.
ഫോസില്‍ ഫ്യുവല്‍ വാഹനങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി ഒരു ലിറ്റര്‍ പെട്രോളിന് 50 പൈസ നിരക്കില്‍ അധികം സെസ് ഏര്‍പ്പെടുത്തുന്ന കാര്യവും കരട് നിര്‍ദേശത്തില്‍ പറയുന്നു. പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെ പെരുപ്പം സര്‍ക്കാര്‍ ഗുരുതരമായി പരിഗണിക്കുന്ന വിഷയമാണ്. 2024-ല്‍ മാത്രം 4.5 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഡല്‍ഹിയില്‍ മാത്രം വിറ്റഴിച്ചത്. 2022-23-ല്‍ നിരത്തിലെത്തിയ വാഹനങ്ങളില്‍ 67 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. ഇത് നിയന്ത്രിച്ചാല്‍ മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.