കോളയാട് മത്സ്യമാർക്കറ്റ് ടാങ്കിലെ മാലിന്യം പൊതുശ്മശാനത്തിൽ തള്ളി;പ്രതിഷേധവുമായി പ്രദേശവാസികൾ

Share our post

കോളയാട്: പഞ്ചായത്ത് മത്സ്യമാർക്കറ്റ് ടാങ്കിലെ മാലിന്യംപൊതുശ്മശാനത്തിൽ കുഴിച്ചുമൂടിയതിനെതിരെ പ്രദേശവാസികൾ രംഗത്ത്. കോളയാട് മത്സ്യമാർക്കറ്റിലെ മാലിന്യം പുത്തലത്തെ പ്രവർത്തനമാരംഭിക്കാത്ത പഞ്ചായത്ത് ശ്മശാനത്തിൽ കുഴിച്ചിട്ടതിനെതിരെയാണ് പുത്തലം പ്രദേശവാസികളും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയത്.

ബുധനാഴ്ച രാത്രി എട്ട് മണിയോടെ ശ്മശാനത്തിൽ ജെസിബി എത്തിച്ച് കുഴിയെടുത്തിരുന്നു. രാത്രി 11 മണിയോടെയാണ് ടാങ്കർ ലോറിയിൽ മത്സ്യമാലിന്യം ശ്മശാനത്തിലെത്തിച്ചത്. ടാങ്കർ ലോറിയിൽ നിന്നുള്ള ദുർഗന്ധമാണ് സംഭവം പ്രദേശവാസികൾ അറിയാൻ കാരണം. ഇവർ സ്ഥലത്തെത്തുമ്പോഴേക്കും ടാങ്കറിലെ മാലിന്യം കുഴിയിൽ നിക്ഷേപിച്ചിരുന്നു. പ്രതിഷേധമായതോടെ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.ഇ.സുധീഷ്‌കുമാറും അസി.സെക്രട്ടറി അനീഷും സ്ഥലത്തെത്തി പ്രദേശവാസികളോട് സംസാരിച്ച് തത്കാലം പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

മാലിന്യം നിക്ഷേപിച്ച സ്ഥലത്ത് കൂടുതൽ മണ്ണിട്ട് നികത്താമെന്നും മാർക്കറ്റ് ടാങ്കറിലെ ബാക്കി മാലിന്യം ശ്മശാനത്തിൽ നിക്ഷേപിക്കില്ലെന്നും അധികൃതർ ഉറപ്പ് നല്കിയതോടെയാണ് പ്രദേശവാസികൾ പ്രതിഷേധം അവസാനിപ്പിച്ചത്.

അതേസമയം, പഞ്ചായത്ത് നിർമിച്ച പൊതുശ്മശാനത്തിൽ മത്സ്യമാലിന്യം തള്ളിയതിൽ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി ജില്ലാ കളക്ടർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് പരാതി നല്കി. സാധാരണക്കാരുടെ വീട്ടുപറമ്പിൽ മാലിന്യമിട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് പിഴയിടുന്ന പഞ്ചായത്തധികൃതർ പൊതുശ്മശാനത്തിൽ മാലിന്യം കുഴിച്ചിട്ടതിൽ നടപടി വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!