രാത്രി മുഴുവൻ എ.സി ഇടാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

Share our post

ഇന്ന് ഒട്ടുമിക്ക വീടുകളിലും എസി ഉണ്ട്. ചിലർക്ക് എസി ഇല്ലെങ്കിൽ ഉറക്കം പോലും വരില്ല. വേനൽക്കാലങ്ങളിൽ എസി ഉപയോഗിക്കുന്നത് ചൂടിനെ കുറയ്ക്കും. എന്നാൽ എപ്പോഴും എസി ഉപയോഗിക്കുന്നത് നല്ലതാണോ? രാത്രിയിൽ ഉറങ്ങുമ്പോൾ മുഴുവൻ സമയവും എസി ഇടുന്നവാരാണോ നിങ്ങൾ. കൂടുതൽ നേരം എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ബില്ല് മാത്രമല്ല അതിനൊപ്പം നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. എസി ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.

ജനാല, വാതിൽ അടച്ചിടാം

മുറിയിൽ എസി ഇടുമ്പോൾ തണുപ്പ് പുറത്തേക്ക് പോകാത്ത വിധത്തിൽ വാതിലുകളും ജനാലകളും അടയ്‌ക്കേണ്ടത് പ്രധാനമാണ്. തുറന്ന് കിടക്കുന്ന സ്ഥലങ്ങളിൽ എസി ഉപയോഗിച്ചാൽ ഇത് കൂടുതൽ ഊർജ്ജത്തെ പാഴാക്കുന്നു. ഇതുമൂലം വൈദ്യുതി ബില്ല് കൂടുകയും ചെയ്യും. അതിനാൽ തന്നെ എസിയുടെ തണുപ്പ് തങ്ങി നിൽക്കും വിധത്തിൽ മുറി ക്രമീകരിക്കാം.

താപനില

എസി ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് താപനില. ശരിയായ രീതിയിൽ ഇത് ക്രമീകരിച്ചില്ലെങ്കിൽ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കും. ചൂടിന് അനുസരിച്ച് പലരും എസി കൂട്ടിവയ്ക്കാറുണ്ട്. തണുപ്പ് ലഭിക്കാൻ സഹായിക്കുമെങ്കിലും ശരീരത്തിന് ഇത് നല്ലതല്ല. അതിനാൽ തന്നെ എസി എപ്പോഴും 24 -26 ഡിഗ്രി സെൽഷ്യസിൽ സെറ്റ് ചെയ്യുന്നതാണ് നല്ലത്.

തണുപ്പ് നേരിട്ടടിക്കരുത്

ഉറങ്ങുന്ന സമയത്ത് എസി നേരിട്ടടിക്കുന്ന രീതിയിൽ കിടക്ക ഇടരുത്. രാത്രിയിലുടനീളം തണുപ്പ് നേരിട്ടടിക്കുന്ന വിധത്തിൽ കിടന്നാൽ നിങ്ങൾക്ക് തൊണ്ടവേദന, തണുപ്പ്, കഴുത്ത് വേദന തുടങ്ങിയവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കിടക്കയും എസിയും തമ്മിൽ കുറഞ്ഞത് 3 അടിയെങ്കിലും അകലം ഉണ്ടായിരിക്കണം.

എസി വൃത്തിയാക്കണം

വീടിനുള്ളിൽ ഉപയോഗിക്കുന്നത് കൊണ്ട് എസിയിൽ ഒരിക്കലും പൊടിപടലങ്ങൾ ഉണ്ടാകാതിരിക്കുന്നില്ല. മുറിക്കുള്ളിലെ പൊടിപടലങ്ങളെ വലിച്ചെടുക്കുന്നത് കൊണ്ട് തന്നെ എസിയുടെ ഫിൽറ്ററിൽ എപ്പോഴും അഴുക്കുകൾ അടിഞ്ഞുകൂടും. ഇത് നിങ്ങൾക്ക് ശ്വാസം മുട്ടൽ പോലുള്ള രോഗങ്ങൾ ഉണ്ടാവാൻ വഴിയൊരുക്കും. അതിനാൽ തന്നെ കൃത്യമായ ഇടവേളകളിൽ എസി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

സ്ലീപ് മോഡിലാക്കാം

പുതിയതായി ഇറങ്ങുന്ന എസികളിൽ സമയം ക്രമീകരിക്കാൻ സാധിക്കും. ഇത് രാത്രിയിൽ ഉറങ്ങുമ്പോൾ ഓൺ ചെയ്യുന്നതാണ് കൂടുതൽ ഉപയോഗപ്രദം. അതിനാൽ തന്നെ രാത്രി സമയങ്ങളിൽ എസി ഉപയോഗിക്കുമ്പോൾ സ്ലീപ് മോഡിലിട്ട് ഉറങ്ങാം. ഇത് വൈദ്യുതി ബില്ല് കുറയ്ക്കാനും സഹായിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!