ആൻഡ്രോയിഡ് വേർഷൻ അപ്ഡേറ്റ് ചെയ്തു; ‘ആവാസ് മൊബൈൽ ആപ്പ്’ പണിമുടക്കി

Share our post

സർക്കാർ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകളുടെ സുരക്ഷ ഉറപ്പാക്കാൻ ആൻഡ്രോയിഡ് വേർഷൻ 12-ലേക്ക് ഉയർത്തിയതോടെ തദ്ദേശസ്ഥാപനങ്ങളിലെ മൊബൈൽ ആപ്പുകൾ പണിമുടക്കി. പിഎംഎവൈ (ജി) സർവേ നടത്താൻ ഉപയോഗിക്കുന്ന ‘ആവാസ് പ്ലസ് 2024’ മൊബൈൽ ആപ്പാണ് പഴയ സ്‌മാർട്ട് ഫോണുകളിൽ പ്രവർത്തിക്കാതായത്. സേവനങ്ങൾ തടസ്സപ്പെട്ടതോടെ തദ്ദേശസ്ഥാപനങ്ങൾക്ക് പുതിയ സ്‌മാർട്ട് ഫോൺ വാങ്ങിനൽകാൻ ജില്ലാഭരണകൂടം നിർബന്ധിതരായി.കേന്ദ്ര ഭവനപദ്ധതിയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്താൻ ആവാസ് പ്ലസ് 2024 മൊബൈൽ ആപ്പ് ഉപയോഗിച്ച് ഭവനരഹിതരുടെ വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ സൈറ്റിൽ ചേർക്കണം.

സർവേ തുടങ്ങാനിരിക്കെ ആപ്പ് ഉപയോഗിക്കണമെങ്കിൽ ആൻഡ്രോയ്ഡ് വേർഷൻ 12-ലുള്ള സ്‌മാർട്ട് ഫോൺ വേണമെന്നായി. എന്നാൽ, പലരുടെയും സ്‌മാർട്ട് ഫോണുകൾ 2019-ലും അതിനുമുമ്പും വാങ്ങിയതാണ്. ഈ ഫോണുകളുടെ വേർഷൻ പത്തിൽത്താഴെ ആയതിനാൽ ആവാസ് ആപ്പ് പ്രവർത്തിക്കാതായി. ഐ ഫോണുകളിലും ആവാസ് ആപ്പ് പ്രവർത്തിക്കുന്നില്ല. 2021 ഒക്ടോബറിലാണ് വേർഷൻ 12 പുറത്തിറങ്ങിയത്. ഏപ്രിൽ 30-ന് കേന്ദ്രസർക്കാരിന്റെ വെബ്സൈറ്റ് അടയ്ക്കുന്നതിനാൽ സർവേ നടപടികൾ വേഗം തീർക്കേണ്ടതുണ്ട്. സർവേ മുടങ്ങിയാൽ ഗുണഭോക്താക്കളുടെ അവസരം നഷ്ടമാകുമെന്നായതോടെയാണ് പലയിടത്തും ജില്ലാഭരണകൂടങ്ങൾ ഇടപെട്ടത്. സർവേ നടത്തുന്നവർക്ക് ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയും വിധമുള്ള മൊബൈൽ ഫോൺ വാങ്ങിനൽകാൻ എറണാകുളം, തൃശ്ശൂർ കളക്ടർമാർ ആദ്യം ഉത്തരവിറക്കി. മറ്റു ജില്ലകളിലും തദ്ദേശസ്ഥാപനങ്ങൾ ഇടപെട്ട് ഫോൺ ലഭ്യമാക്കിയാണ് സർവേ തുടരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!