പഹൽഗാം ഭീകരാക്രമണം: മരണസംഖ്യ 29 ആയി

Share our post

ദില്ലി: രാജ്യത്തെ നടുക്കിയ കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ 29 ആയി. മരിച്ച 26 പേരുടെ പൂർണ്ണ വിവരണങ്ങൾ ലഭ്യമായി. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിൽ ഉള്ളത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു. ശ്രീനഗറിൽ എത്തിച്ച മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ഒരു മണിയോടെ ദില്ലിയിൽ എത്തിക്കും. അവിടെ നിന്ന് 4.30 നുള്ള എയർ ഇന്ത്യ വിമാനത്തിൽ 7.30 ഓടുകൂടി നെടുമ്പാശേരിയിലെത്തിക്കും. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ 17 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

പഹൽഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്ക്കർ ഇ ത്വയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയെന്ന് വിവരം. പാകിസ്ഥാനിൽ ഇരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നും രഹസ്യാന്വേഷണ വിവരം. കാശ്മീരിൽ പോയി ഭീകര പരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. വിനോദ സഞ്ചാരികളെ വെടിവെച്ചുകൊന്ന ഭീകര സംഘത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രാദേശിക ഭീകരരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. ഭീകരര്‍ക്കായി ബയ്സരൺ വനമേഖലയിൽ നാല് ഹെലികോപ്റ്ററുകളിൽ സൈന്യം തെരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. അതേസമയം, ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാൻ പ്രതികരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!