ഊണ് കഴിക്കാനുള്ള തീരുമാനം തുണയായി; ഭീകരാക്രമണത്തില്‍നിന്ന് ലാവണ്യയും കുടുംബവും രക്ഷപ്പെട്ടു

Share our post

കണ്ണൂർ: മൂന്നുകിലോമീറ്റർ അകലെ. അഞ്ചുമിനിറ്റിന്റെ വ്യത്യാസം. കണ്ണൂർ എസ്‌എൻ പാർക്ക് നന്ദനം അപ്പാർട്മെന്റിലെ ലാവണ്യാ ആല്‍ബിയും കുടുംബവും കശ്മീരിലെ ഭീകരാക്രമണത്തിന് മുന്നില്‍പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം. രക്ഷയായതാകട്ടെ ഉച്ചഭക്ഷണം കഴിക്കാൻ തീരുമാനിച്ചതാണെന്ന് ലാവണ്യ പറഞ്ഞു. വസ്ത്രവ്യാപാരരംഗത്ത് പ്രവർത്തിക്കുന്ന ലാവണ്യയും ഭർത്താവ് ആല്‍ബി ജോർജും മക്കളായ അനുഷ്കയും അവന്ദികയും അനന്ദികയും അടങ്ങുന്ന കുടുംബവും ബന്ധുക്കളും 19-നാണ് കശ്മീരിലെത്തിയത്. കച്ചവടാവശ്യത്തിന് വസ്ത്രം വാങ്ങുക, ഒപ്പം കശ്മീർ ചുറ്റിക്കറങ്ങിയൊരു വിനോദസഞ്ചാരവും. ചൊവ്വാഴ്ച രാവിലെ 10.30-ഓടെയാണ് ശ്രീനഗറില്‍ നിന്ന് പെഹല്‍ഗാമിലേക്ക് തിരിച്ചത്. ഉച്ചയോടെ അവിടെയെത്തി. ഉദ്ദേശിച്ച സ്ഥലങ്ങള്‍ കൃത്യസമയത്ത് കാണേണ്ടതിനാല്‍ ഇവർ രണ്ടുദിവസം ഉച്ചഭക്ഷണം ഒഴിവാക്കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് കഴിക്കാമെന്ന് വെച്ചു. ഹോട്ടലില്‍ തിരക്കായതിനാല്‍ ഭക്ഷണം കിട്ടാനും കഴിക്കാനും ഒരുമണിക്കൂറെടുത്തു. അതാണ് ഞങ്ങള്‍ക്ക് രക്ഷയായത്. അല്ലെങ്കില്‍ ആക്രമണം നടക്കുമ്ബോള്‍ ഞങ്ങള്‍ അവിടെയുണ്ടാകുമായിരുന്നു-ലാവണ്യ പറഞ്ഞു.

ഭക്ഷണം കഴിച്ചശേഷം ഉച്ചയ്ക്ക് 2.30-ന് മിനിസ്വിറ്റ്സർലൻഡ് എന്ന് വിശേഷിപ്പിക്കുന്ന താഴ്വരയിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മുന്നില്‍നിന്ന് 200-ഓളം കുതിരസവാരിക്കാരും വാഹനങ്ങളും കുതിച്ചുവരുന്നത് കണ്ടത്. ആക്രമണം നടന്നതറിഞ്ഞ് ആ ഭാഗത്തുനിന്ന് മടങ്ങുകയായിരുന്നു ഇവർ. ഒരുമണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി. അപ്പോള്‍ തന്നെ ലാവണ്യയും കുടുംബവും വന്ന ഭാഗത്തേക്ക് തന്നെ വാഹനം തിരിച്ചു. അപ്പോഴും സംഭവത്തിന്റെ തീവ്രത ഇത്രയും വലുതാണെന്ന് മനസ്സിലാക്കിയിരുന്നില്ലെന്ന് ലാവണ്യ പറഞ്ഞു. ആല്‍ബിയുടെ അച്ഛൻ ടി.ആർ. ജോർജും അമ്മ കുഞ്ഞമ്മയും ബന്ധുക്കളും കൂടെയുണ്ടായിരുന്നു. പെഹല്‍ഗാമിലെ ഹോട്ടലിലാണ് അവർ കഴിയുന്നത്. വെള്ളിയാഴ്ച രാത്രി മടങ്ങും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!