ഭിന്നശേഷി കുട്ടികള്‍ക്ക് പുതുവെളിച്ചമേകി മട്ടന്നൂര്‍ എം.സി.ആര്‍.സി

Share our post

മട്ടന്നൂര്‍: ഭിന്നശേഷി വിദ്യാര്‍ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരിലെ ന്യൂനതകളെ വിദഗ്ധ പരിചരണത്തിലൂടെ മേന്മകളായി ഉയര്‍ത്താനും പുനരധിവാസത്തിനുമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ മട്ടന്നൂരില്‍ ആരംഭിച്ച മോഡല്‍ ചൈല്‍ഡ് റീ ഹാബിലിറ്റേഷന്‍ സെന്റര്‍ ഭിന്നശേഷി കുട്ടികള്‍ക്ക് പുതുവെളിച്ചമേകുന്നു. ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംസിആര്‍സിയുടെ മൂന്ന് നിലകളിലേക്കും റാമ്പുകള്‍, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജി, വെര്‍ച്വല്‍ റീ ഹാബിലിറ്റേഷന്‍, വൊക്കേഷണല്‍ ട്രെയിനിങ്ങ്, സ്പെഷ്യല്‍ എഡ്യുക്കേഷന്‍, തൊഴില്‍ പരിശീലനം, നൈപുണ്യ വികസന പരിശീലനം തുടങ്ങി എല്ലാ മേഖലയിലുമുള്ള പരിചരണവും ശ്രദ്ധയും സേവനങ്ങളും കുട്ടികള്‍ക്ക് ഇവിടെ ലഭിക്കുന്നുണ്ട്. ഒരേ സമയം നൂറ് കുട്ടികള്‍ക്കുള്ള സൗകര്യം ഇവിടെയുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായുള്ള ജെന്‍ഡര്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തേതുമായ ഷെല്‍ട്ടര്‍ ഹോമാണിത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീ ഹാബിലിറ്റേഷന്‍ മാതൃകയിലുള്ള സ്ഥാപനമാക്കി പുനരധിവാസ കേന്ദ്രത്തെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.
നഗരസഭ കെ എസ് എസ് എമ്മിന് കൈമാറിയ 48 സെന്റ് സ്ഥലത്താണ് പുനരധിവാസകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. മൂന്നര കോടി രൂപ ചെലവില്‍ 17000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചത്. കെ.കെ ശൈലജ ടീച്ചര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ 2016 ലാണ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മാണം ആരംഭിച്ചത്. ആധുനിക സംവിധാനങ്ങളോടുകൂടി പഴശ്ശി കന്നാട്ടും കാവില്‍ നിര്‍മിച്ച പഴശ്ശിരാജ മെമ്മോറിയല്‍ ബഡ്‌സ് സ്‌കൂള്‍ മോഡല്‍ ചൈല്‍ഡ് റീ ഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവാണ് ഉദ്ഘാടനം ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!