രോഗം ഭേദമായി; രോഗിയുടെ ബന്ധുക്കൾ ആസ്പത്രിക്ക് ഉപകരണങ്ങൾ കൈമാറി

മാഹി: പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഡയബറ്റിക്ക് ഫൂട്ട് അൾസറുമായെത്തിയ 68 കാരിക്ക് ഒരാഴ്ചക്കകം അസുഖം ഭേദമായി .ഇതേ തുടർന്ന് രോഗിയുടെ ബന്ധുക്കൾ പള്ളൂർ ആശുപത്രിക്ക് സൗജന്യമായി രണ്ട് വീൽ ചെയറും മൂന്ന് വാക്കേഴ്സും കൈമാറി. പയ്യന്നൂർ കുഞ്ഞിമംഗലം ഫാത്തിമ മൻസിലിൽ കുഞ്ഞയിശു ആണ് കഴിഞ്ഞ 12 ന് രോഗ ചികിത്സയക്കായി പള്ളൂർ ആശുപത്രിയിൽ എത്തിയത്. ഡയബറ്റിക് ഫൂട്ട് അൾസർ ചികിത്സാ വിദഗ്ധൻ കൂടിയായ ജനറൽ ഫിസിഷ്യൻ ഡോ. ടി.പി പ്രകാശൻ്റെ ഒരാഴ്ച നീണ്ട ചികിത്സയെ തുടർന്നാണ് രോഗം ഭേദമായി കഴിഞ്ഞ ദിവസം കുഞ്ഞായിശു ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായത്. പള്ളൂർ ആശുപത്രി ജീവനക്കാരോടും ഡോക്ടർ ടി.പി പ്രകാശിനോടുമുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ടാണ് ഇവരുടെ ഭർത്താവ് മുഹമ്മദ് ആശുപത്രിക്ക് ഉപകരണങ്ങൾ കൈമാറിയത്.