പച്ചത്തുരുത്തൊരുക്കാന്‍ വൃക്ഷത്തൈകള്‍ നല്‍കാന്‍ കാര്‍ഷിക നഴ്സറികള്‍

ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തരിശ് ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കാര്‍ഷിക നഴ്സറികള്‍ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും. ആഗസ്റ്റ് മാസത്തോടെ എല്ലാ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും പച്ചത്തുരുത്തുകള്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. വനം വകുപ്പും ഔഷധ സസ്യ ബോര്‍ഡുമാണ് നിലവില്‍ തൈകള്‍ നല്‍കുന്നത്. ഇതിനൊപ്പം കാര്‍ഷിക നഴ്സറികള്‍ കൂടി നല്‍കുന്നതോടെ വൃക്ഷത്തൈകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാകും. ജില്ലയിലെ ഏഴ് കാര്‍ഷിക നഴ്സറി ഉടമകള്‍ തൈകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ തല്‍പരരായ വ്യക്തികളെ പച്ചത്തുരുത്ത് ഒരുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളും സ്വകാര്യ വ്യക്തികളുടെ തരിശിട്ട ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ ഒരുക്കാനുള്ള പദ്ധതിയും ഹരിതകേരള മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 30 സ്വകാര്യ വ്യക്തികള്‍ ഇതിനായി ഹരിത കേരളം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പായം ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്തിനായി വൃക്ഷത്തൈകള്‍ നല്‍കുന്നതിനുള്ള സമ്മതപത്രം വള്ളിത്തോട് മലനാട് നഴ്സറി ഉടമ കെ.ആര്‍ ശ്രീധരനില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഏറ്റുവാങ്ങി. പരിപാടിയില്‍ ഹരിത കേരളം ജില്ലാമിഷന്‍ കോ – ഓഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക തുടങ്ങിവര്‍ പങ്കെടുത്തു.