കേന്ദ്രം സബ്‌സിഡി വെട്ടി; രാസവളംവില കുതിച്ചു , കര്‍ഷകര്‍ക്കു തിരിച്ചടി, മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി

Share our post

കൊച്ചി: സംസ്‌ഥാനത്തു കര്‍ഷകര്‍ക്കു തിരിച്ചടിയായി രാസവളം വിലയില്‍ വന്‍ വര്‍ധന. കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചതോടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി. വേനല്‍ മഴ കിട്ടിയതോടെ കര്‍ഷകര്‍ വളപ്രയോഗത്തിലേക്കു കടക്കുന്ന വേളയിലാണ്‌ ഇപ്പോള്‍ വില കൂടിയിരിക്കുന്നത്‌. പ്രധാന വളമായ പൊട്ടാഷ്‌ 50 കിലോ ചാക്കിന്‌ 600 രൂപ വര്‍ധിച്ചു. ഒട്ടുമിക്ക മിശ്രിത വളങ്ങളുടെയും പ്രധാനഘടകം പൊട്ടാഷ്‌ ആയതിനാല്‍ മിശ്രിത വളങ്ങളുടെയും വില കൂടി. നെല്‍ കര്‍ഷകരുടെ പ്രധാന ആശ്രയമായ ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ വിലയും വര്‍ധിച്ചു. മ്യൂറേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, എന്‍.പി.കെ. മിശ്രിത വളം, രാജ്‌ഫോസ്‌, ഫാക്‌ടംഫോസ്‌, 16:16:16 എന്നിവയുടെ വിലയും കൂടി. 2021 ലെ വിലയേക്കാള്‍ ഇരട്ടി വിലയാണു നിലവില്‍ പൊട്ടാഷിന്‌. യൂറിയയ്‌ക്കു മാത്രമാണു നിലവില്‍ വില നിയന്ത്രണമുള്ളൂ. മറ്റു വളങ്ങളുടെ സബ്‌സിഡി വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. 2023-24 ല്‍ ഫോസ്‌ഫറസ്‌, പൊട്ടാഷ്‌ വളങ്ങള്‍ക്ക്‌ 65,199.58 കോടി രൂപ സബ്‌സിഡി നല്‍കിയിരുന്നു. 2024-25 ല്‍ 52,310 കോടിയായി കുറഞ്ഞു. ഇക്കുറി 49,000 കോടിയായി വീണ്ടും കുറഞ്ഞു. സബ്‌സിഡി താഴ്‌ത്തിയതോടെയാണു വിലയും കൂടിയത്‌. ഇതിനൊപ്പം കയറ്റിറക്ക്‌ കൂലി, ചരക്കുകൂലി എന്നിവയിലും വര്‍ധനയുണ്ടായതോടെ കമ്പനികള്‍ വില കൂട്ടി. റഷ്യ-യുൈക്രന്‍ യുദ്ധം അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതയില്‍ ഇടിവുണ്ടാക്കിയതും തിരിച്ചടിയായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!