ഗാസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

Share our post

ഗാസ സിറ്റി: ഗാസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 18 മാസത്തോളം ഗാസയിലെ സംഘർഷം റിപ്പോർട്ട് ചെയ്ത വാർ ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ഹസൂന(25) ആണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഫാത്തിമയ്ക്കൊപ്പം ഗർഭിണിയായ സഹോദരി ഉൾപ്പെടെ കുടുംബത്തിലെ ഏഴ് അംഗങ്ങളും കൊല്ലപ്പെട്ടു. ബുധനാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫാത്തിമയുടെ മാതാപിതാക്കൾ രക്ഷപ്പെട്ടെങ്കിലും ഇരുവർക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ സൈനികർക്കും സാധാരണക്കാർക്കും നേരെ ആക്രമണം നടത്തിയ ഒരു ഹമാസ് അംഗത്തെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കെയാണ് ഫാത്തിമ കൊല്ലപ്പെട്ടത്. അടുത്ത മാസം നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഫാത്തിമയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു. “ഞാൻ മരണപ്പെട്ടാൽ അത് കേവലം ബ്രേക്കിങ് ന്യൂസോ ഒരു സംഖ്യയോ ആയി മാത്രം ഒതുങ്ങാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. ലോകം കേൾക്കുന്ന മരണമാണ് എനിക്ക് വേണ്ടത്. എന്റെ മരണം പ്രതിധ്വനിക്കണം. കാലമോ സ്ഥലമോ കുഴിച്ചുമൂടാത്ത അനശ്വര ചിത്രങ്ങളും എനിക്ക് വേണം”- എന്നാണ് 2024 ഓഗസ്റ്റിൽ ഫാത്തിമ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. 2023 ഒക്ടോബർ 7ന് ​ഗാസയിൽ സംഘർഷം ആരംഭിച്ചതു മുതൽ 51,000ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കൊല്ലപ്പെട്ടതിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണ്. 15 മാസങ്ങൾ നീണ്ട രക്തച്ചൊരിച്ചിലുകൾക്കൊടുവിൽ കഴിഞ്ഞ ജനുവരിയിലാണ് ​ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. മാർച്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയിരുന്നു. ഇതിന് ശേഷം 30 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!