സൗജന്യ സ്കൂൾ യൂണിഫോം; ബി.പി.എല്ലുകാരും എസ്‌.സി-എ.സ്ടി വിഭാഗവും പുറത്ത്

Share our post

തിരുവനന്തപുരം: സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിൽനിന്ന് രണ്ടുവർഷമായി ഏറ്റവും അർഹതയുള്ള വിഭാഗങ്ങൾ പുറത്ത്. സർക്കാർ ഹൈസ്‌കൂളുകളുടെ ഭാഗമായ എൽ.പി, യു.പി ക്ലാസുകളിലും എട്ടാം ക്ലാസിലും പഠിക്കുന്ന ബി.പി.എൽ, എസ്‌.സി-എ.സ്ടി വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കുമാണ് രണ്ടുവർഷത്തെ യൂണിഫോം അലവൻസ് കിട്ടാനുള്ളത്. അതേസമയം, സർക്കാർ ഹൈസ്‌കൂളുകളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും എയ്ഡഡ് സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും തുക കിട്ടിയിട്ടുമുണ്ട്.

ബി.പി.എൽ, എസ്‌.സി-എസ്ടി വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കും യൂണിഫോം തുക അനുവദിക്കുന്നത് സമഗ്രശിക്ഷ കേരള (എസ്എസ്‍കെ) പദ്ധതിയനുസരിച്ച് കേന്ദ്രഫണ്ടിൽനിന്നാണ്. 2024-25 വർഷം പിഎം ശ്രീ ബ്രാൻഡിങ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എസ്എസ്‍കെ ഫണ്ട് പൂർണമായും മുടങ്ങിക്കിടക്കുകയാണ്. 2023-24-ൽ 328 കോടി രൂപ നാലുഘട്ടമായി അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ട് ഗഡു മാത്രമാണ് കിട്ടിയത്. ഇത്തരത്തിൽ കേന്ദ്രഫണ്ട് കുടിശ്ശികയായതിനാലാണു യൂണിഫോം അലവൻസ് വിതരണം മുടങ്ങിയതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം.

ഗവ. ഹൈസ്‌കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന എപിഎൽ വിഭാഗം ആൺകുട്ടികൾക്കും എയ്ഡഡിലെ മുഴുവൻ കുട്ടികൾക്കും സംസ്ഥാന സർക്കാരാണ് അലവൻസ് നൽകുന്നത്. സ്വതന്ത്രമായി നിൽക്കുന്ന സർക്കാർ എൽപി, യുപി സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും എയ്ഡഡ് എൽപിയിലെ കുട്ടികൾക്കും സംസ്ഥാന സർക്കാർ നേരിട്ട് കൈത്തറി യൂണിഫോമും നൽകുന്നു.

അടുത്ത അധ്യയനവർഷത്തെ യൂണിഫോമിനായി 79.01 കോടി രൂപ സംസ്ഥാനം അനുവദിച്ചിട്ടുണ്ടെങ്കിലും സൗജന്യ യൂണിഫോമിന്റെ യഥാർഥ അവകാശികൾ ഇതിലുൾപ്പെടുന്നില്ലെന്നതാണ് പ്രധാനാധ്യാപകരെയും പിടിഎെയയും പ്രതിസന്ധിയിലാക്കുന്നത്. കടം വാങ്ങിയും സ്വന്തം കൈയിൽനിന്ന് പണം ചെലവാക്കിയുമൊക്കെയാണ് പല സ്‌കൂളുകളും ഈ വിഭാഗങ്ങൾക്ക് സൗജന്യ യൂണിഫോം ഉറപ്പുവരുത്തുന്നത്. രണ്ടുവർഷം പിന്നിട്ടിട്ടും കടം വീട്ടാനാകാത്തതിനാൽ പ്രധാനാധ്യാപകർ സമ്മർദത്തിലാണ്. ഇതിനു പുറമേ, സ്വന്തംനിലയിൽ യൂണിഫോം വാങ്ങേണ്ടിവരുന്ന രക്ഷിതാക്കൾ പണം കണ്ടെത്താൻ ഏറെ പ്രയാസപ്പെടുകയാണ്.

20 കോടിയോളം രൂപയാണു സ്‌കൂളുകൾക്ക് കുടിശ്ശികയായി നൽകാനുള്ളത്. എസ്എസ്‍കെ ഫണ്ടിൽ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമാണ്. കേന്ദ്രഫണ്ട് തടസ്സപ്പെട്ടാലും 40 ശതമാനം വരുന്ന സർക്കാർ വിഹിതം അനുവദിക്കുകയാണെങ്കിൽ സൗജന്യ യൂണിഫോമിന് യഥാർഥ അർഹതയുള്ള വിഭാഗങ്ങൾക്കും അലവൻസ് ഉറപ്പുവരുത്താനാകും. എന്നാൽ, കേന്ദ്രഫണ്ട് കിട്ടാത്തതിനാൽ സംസ്ഥാനഫണ്ടുമില്ലെന്ന നിലപാടാണ് വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!