പരിസ്ഥിതി സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷിക്കാന്‍ തങ്ങള്‍ ഏതറ്റംവരേയും പോകുമെന്ന് സുപ്രീംകോടതി. ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപത്തെ 400 ഏക്കറിലെ മരംമുറി വിഷയത്തില്‍ പൂര്‍ണമായും തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശമുണ്ടായത്. പ്രദേശത്തെ മരങ്ങളുടെ എണ്ണം എങ്ങനെ വര്‍ധിപ്പിക്കാമെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു.ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപം 400 ഏക്കറിലെ മരം മുറിക്കുന്നത് ഏപ്രില്‍ മൂന്നിന് സുപ്രീംകോടതി തടഞ്ഞിരുന്നു. വലിയ തോതില്‍ ഇവിടെ മരംമുറി നടന്നതായ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമായിരുന്നു നടപടി. മരംമുറിക്കെതിരേ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. കാഞ്ച ഗച്ചിബൗളി ഗ്രാമത്തിലാണ് ഐടി വികസന പദ്ധതിക്കായി തെലങ്കാന വ്യവസായിക അടിസ്ഥാനസൗകര്യ കോര്‍പ്പറേഷന്‍ വഴി സര്‍ക്കാര്‍ 400 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തുന്നത്. ഇതിനുവേണ്ടി വ്യാപകമായി മരംമുറിച്ചുതുടങ്ങിയതോടെയാണ് പ്രതിഷേധമുയര്‍ന്നത്. പ്രദേശത്തെ വന്യജീവികളെ എങ്ങനെ സംരക്ഷിക്കാമെന്ന് പരിശോധിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.