ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ ഒരു കോടിയിലധികം തട്ടിയെടുത്ത കോൺഗ്രസ് നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ ഒരു കോടി എഴുപത്തിയാറായിരം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവും പഞ്ചായത്ത്മെമ്പറും ബാങ്ക് ജീവനക്കാരനുമായ യുവാവിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. നിലമ്പൂർ എടക്കര മുത്തേടം സ്വദേശി മദാനി ഹൗസിൽ നൗഫൽ മദാനിയെ (31) ആണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി കീർത്തി ബാബുവിൻ്റെ നേതൃത്വത്തിൽ എസ്ഐ മനോജ് കാനായി, എഎസ്ഐസതീഷ്, ഡ്രൈവർ ദിലീപ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. പയ്യന്നൂർ ഏഴിലോട് സ്വദേശി യുടെ പണമാണ് തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിനായ പ്രതി
2024 മെയ് 29 മുതൽ ജൂലായ് ഒന്നുവരെയുള്ള കാലയളവിൽ പലതവണകളായി വിവിധ അക്കൗണ്ടുകൾ വഴി ഒരു കോടി എഴുപത്തി ആറായിരം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം നിലമ്പൂർ എടക്കരയിലെത്തിയപ്പോൾ എടക്കര വാർഡ് മെമ്പർ കൂടിയായ പ്രതി ജോലിക്കിടെ എടക്കര അർബൻ ബാങ്കിൽ നിന്നും പിൻ വാതിലിലൂടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കുറ്റിക്കാട് വച്ച് പോലീസ് പിന്തുടർന്നു പിടികൂടി.