ഗവിക്ക് യാത്രപോയ കെ.എസ്.ആർ.ടി.സി ബസ് ബ്രേക്ക് ഡൗണായി; കാടിനുള്ളിൽ 38 വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു

Share our post

പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയുടെ പാക്കേജ് ടൂറിന് പോയ ബസ് കേടായി. ഗവിക്ക് യാത്ര പോയ വിനോദസഞ്ചാരികൾ വനമേഖലയിൽ കുടുങ്ങിക്കിടക്കുന്നു. രാവിലെ 11 മണിക്ക് വിവരം അറിയിച്ചിട്ടും പകരം ബസ് ഇതുവരെ എത്തിയിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു.സ്ത്രീകളും കുട്ടികളുമടക്കം 38 വിനോദ സഞ്ചാരികളും രണ്ട് ബസ് ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്. പുലർച്ചെ കൊല്ലം ചടയമംഗലത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. പത്തനംതിട്ടയിൽ കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം സന്ദർശിച്ച ശേഷം ഗവിയിലേക്കുള്ള യാത്രയായിരുന്നു. മൂഴിയാറിലെത്തിയപ്പോൾ ബസ് ബ്രേക്ക് ഡൗൺ ആയത്. ഈ മേഖല ഉൾവനപ്രദേശമാണ്. വനാതിർത്തി കടന്ന് പതിഞ്ച് കിലോ മീറ്ററോളം സഞ്ചരിച്ച ശേഷമാണ് സംഭവം. മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ തന്നെ യഥാസമയം വിവരം വകുപ്പ് അധികൃതരെ അറിയിക്കുന്നതിനും കാലതാമസം നേരിട്ടുവെന്നാണ് വിവരം. പതിനൊന്ന് മണിയോടെ വിവരം കെഎസ്ആർടിസി അധികൃതരെ അറിയിച്ചെങ്കിലും പകരം ബസ് എത്തിച്ച് ആളുകളെ കൊണ്ടുപോകാനുള്ള ക്രമീകരണം ഇതുവരെ ആയിട്ടില്ലെന്നാണ് വിവരം. വാഹനം പുറപ്പെട്ടുവെന്നാണ് പത്തനംതിട്ട കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് അമ്പത് കിലോമീറ്ററോളം അകലെയാണ് ബസ് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ പകുതിയിലേറെയും ഉൾവനപ്രദേശമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!