ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടു കൊന്ന കേസ്; പ്രതിയെ വിട്ടയച്ച് ഒഡിഷ സർക്കാർ

Share our post

കട്ടക്ക്: ആസ്‌ത്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതികളില്‍ ഒരാളായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ ജയിലില്‍ നിന്നും വിട്ടയച്ചു. ജയിലില്‍ നല്ല പെരുമാറ്റമായിരുന്നു എന്നു പറഞ്ഞാണ് പ്രതിയായ മഹേന്ദ്ര ഹെബ്‌രാമിനെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിട്ടയച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ഇയാളെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം മുദ്രാവാക്യങ്ങളോടെ മാലയിട്ടു സ്വീകരിച്ചു. 1999 ജനുവരി 22നാണ് ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍, ധാരാ സിങ് എന്ന ബജ്‌റംഗ് ദള്‍ നേതാവിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വസംഘം ഗ്രഹാം സ്‌റ്റെയിന്‍സും ആണ്‍മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവരും ഉറങ്ങിക്കിടന്ന വാഹനത്തിന് തീയിട്ടത്. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ മാത്രമാണ് കൊല നടത്തിയതെന്നുമാണ് മഹേന്ദ്ര ഹെബ്‌രാം വാദിച്ചിരുന്നത്. എന്നാല്‍, 2003ല്‍ സിബിഐ കോടതി ധാരാ സിങിന് വധശിക്ഷ വിധിച്ചു. മഹേന്ദ്ര ഹെബ്‌രാമിനെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. ഈ വിധി ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവച്ചു.

വധശിക്ഷയില്‍ ഇളവ് നല്‍കിയ ധാരാ സിങിനെ ജയിലില്‍ നിന്നും വിട്ടയക്കുന്ന കാര്യത്തില്‍ ആറ് ആഴ്ച്ചക്കകം തീരുമാനമെടുക്കാന്‍ മാര്‍ച്ച് ഒമ്പതിന് സുപ്രിംകോടതി ഒഡീഷ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. 1999ലെ കൊലപാതകത്തില്‍ തന്നെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരിക്കുന്നതെന്നും താന്‍ 24 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു കഴിഞ്ഞെന്നും തുറന്നുവിടണമെന്നുമാണ് ധാരാ സിങിന്റെ(61) ആവശ്യം. താന്‍ കര്‍മ തത്ത്വചിന്തയില്‍ വിശ്വസിക്കുന്നുവെന്നും തന്റെ പ്രവൃത്തികള്‍ മൂലമുണ്ടായ മുറിവുകള്‍ ഉണക്കാന്‍ മോചനം ആഗ്രഹിക്കുന്നുവെന്നും ധാരാസിങ് വാദിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ്്, മഥുര ഈദ്ഗാഹ് മസ്ജിദ് അടക്കം നിരവധി പള്ളികള്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോടതികളില്‍ വ്യക്തിപരമായി ഹരജികളും അന്യായങ്ങളും നല്‍കിയിട്ടുള്ള അഡ്വ.ഹരി ശങ്കര്‍ ജെയ്‌നും അഡ്വ. വിഷ്ണു ശങ്കര്‍ ജെയ്‌നുമാണ് ധാരാ സിങിന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!