അര്‍ബുദരോഗിയുടെ പണം കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍

പുനലൂര്‍ : താലൂക്ക് ആശുപത്രിയിലെ ക്യാന്‍സര്‍ കെയര്‍ സെന്ററില്‍ കീമോതെറാപ്പി ചികിത്സയ്ക്കെത്തിയ 68-കാരിയുടെ 8,600 രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തിരുവല്ല പുളിയാറ്റൂര്‍ തോട്ടപ്പുഴശ്ശേരിയില്‍ ഷാജന്‍ ചാക്കോ (60)യാണ് അറസ്റ്റിലായത്. കഴിഞ്ഞരാത്രി പത്തനംതിട്ടയില്‍ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് പുനലൂര്‍ പോലീസ് എസ്എച്ച്ഒ ടി. രാജേഷ്‌കുമാര്‍ പറഞ്ഞു. പത്തനംതിട്ട അടൂര്‍ മരുതിമൂട്ടില്‍ നിന്നും ചികിത്സയ്ക്കെത്തിയ രോഗിയുടെ പണമാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ഏഴിന് 12 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലേക്ക് വന്ന ഓട്ടോറിക്ഷയുടെ ഡാഷ്‌ബോര്‍ഡിലാണ് പണം സൂക്ഷിച്ചിരുന്നത്. രോഗിക്ക് കീമോതെറാപ്പിക്ക് ശേഷം കഴിക്കാനുള്ള മരുന്ന് വാങ്ങുന്നതിനായി, ഡ്രൈവര്‍ ഓട്ടോറിക്ഷയില്‍ പരിശോധിക്കുമ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഉടന്‍തന്നെ ഇദ്ദേഹം ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. സുനില്‍കുമാറിനും പുനലൂര്‍ പോലീസിനും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്നുനടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.ഇയാള്‍ നേരത്തേയും മോഷണക്കേസുകളില്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു. ആശുപത്രികള്‍ പോലെ തിരക്കേറിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.