വിവരങ്ങൾ ട്രാക്ക് ചെയ്യാം പോഷൺ ട്രാക്കർ ആപ്പിലൂടെ

അങ്കണവാടികളെ സ്മാർട്ടാക്കി മാറ്റുക എന്ന ദൗത്യത്തിന്റെ ഭാഗമായി നിലവിൽ വന്ന പോഷൺ ട്രാക്കർ ആപ്ലിക്കേഷനിലൂടെ ഗുണഭോക്താക്കൾക്ക് അങ്കണവാടിയിലൂടെ ലഭിക്കുന്ന സേവനങ്ങൾ, കുട്ടികളുടെ വളർച്ചാ നിരീക്ഷണം എന്നിവയുടെ വിവരങ്ങൾ നേരിട്ട് പരിശോധിക്കാം. ഐ.സി.ഡി.എസ് പദ്ധതി മുഖേന ആറ് മാസം മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പ്രായക്കാരായ പെൺകുട്ടികൾ എന്നിവർക്ക് വിവിധങ്ങളായ സേവനങ്ങൾ അങ്കണവാടികൾ വഴി നൽകി വരുന്നുണ്ട്. അങ്കണവാടികളിൽ പോഷൺ ട്രാക്കറിലൂടെ നേരിട്ട് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാനും സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. മുൻപ് രജിസ്റ്റർ ചെയ്തവർക്ക് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാം. അങ്കണവാടി സേവനം സ്വീകരിക്കുന്ന എല്ലാ ഗുണഭോക്താക്കളും പോഷൺ ട്രാക്കർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ജില്ലാതല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ അറിയിച്ചു.