യാത്രയ്ക്കിടെ പണം പിൻവലിക്കാം, ട്രെയിനിൽ ഇനി എ.ടി.എം; രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് ഈ ട്രെയിനിൽ

Share our post

മുംബൈ: ട്രെയിൻ യാത്രയ്ക്കിടയിലും ഇനി എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാം. ഇന്ത്യയില്‍ ഇതാദ്യമായി ട്രെയിനില്‍ എടിഎം സ്ഥാപിച്ചു. മുംബൈ-മന്‍മദ് പഞ്ചവതി എക്‌സ്പ്രസ് ട്രെയിനിലാണ് എ.ടി.എം സ്ഥാപിച്ചത്. ട്രെയിനിലെ എസി കോച്ചിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയ്‌സ് ഇന്നൊവേറ്റീവ് ആന്‍ഡ് നോണ്‍ ഫെയര്‍ റവന്യു ഐഡിയാസ് സ്‌കീം (ഐഎന്‍എഫ്ആര്‍ഐഎസ്) പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ ബുസാവല്‍ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സംയുക്തമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.എടിഎമ്മുമായി ട്രെയിന്‍ അതിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു. ചിലയിടങ്ങളില്‍ മോശം സിഗ്നലുകള്‍ മൂലം നെറ്റ്‌വര്‍ക്ക് തകരാറുകള്‍ നേരിടേണ്ടി വന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് പണം പിന്‍വലിക്കാവുന്ന തരത്തിലാണ് എടിഎം ക്രമീകരിച്ചിട്ടുള്ളത്.എസി കോച്ചിലാണ് എടിഎം സ്ഥാപിച്ചിട്ടുള്ളതെങ്കിലും മറ്റ് 22 കോച്ചുകളിലെയും യാത്രക്കാര്‍ക്ക് ഇതില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളും ഈ എടിഎമ്മിലൂടെ യാത്രക്കാര്‍ക്ക് ലഭ്യമാകും. ഒരേ റേക്ക് പങ്കുവെയ്ക്കുന്നതിനാല്‍ പഞ്ചവതി എക്‌സ്പ്രസിലെ എടിഎം സംവിധാനം മുംബൈ-ഹിംഗോലി ജനശതാബ്ദി എക്‌സ്പ്രസിലും ലഭ്യമാകും. എടിഎമ്മിന്റെ സുരക്ഷയ്ക്കായി ഷട്ടര്‍ സംവിധാനവും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനിലെ എടിഎം യാത്രക്കാര്‍ക്കിടയില്‍ തരംഗമായാല്‍ കൂടുതല്‍ ട്രെയിനുകളില്‍ ഈ സംവിധാനം അവതരിപ്പിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!