പഴയ വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം കിട്ടില്ല, കാലപ്പഴക്കം യന്ത്രത്തിലറിയാം

Share our post

കാലപ്പഴക്കം ചെന്ന വാഹനങ്ങളെ നിരത്തുകളില്‍ നിന്ന് ഒഴിവാക്കാനുള്ള പല നീക്കങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനോടകം നടപ്പാക്കി കഴിഞ്ഞു. 15 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നത് പോലെയുള്ള നടപടികള്‍ ഇവയില്‍ ചിലത് മാത്രമാണ്. എന്നാല്‍, മലിനീകരണം കൂടുതലുള്ള രാജ്യതലസ്ഥനം പോലെയുള്ള പ്രദേശങ്ങളില്‍ ഇത്തരം നടപടികള്‍ കൊണ്ടുമാത്രം പഴയ വാഹനങ്ങള്‍ ഒഴിവാക്കാനാകില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന് കൂടുതല്‍ കര്‍ശന നടപടിയിലേക്ക് കടക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍.കലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കുകയെന്നതാണ് പുതിയ നടപടി. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് നടപ്പില്‍ വരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വാഹനങ്ങളുടെ പഴക്കം കണ്ടുപിടിക്കുന്നതിനുള്ള യന്ത്രങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിക്കുന്നതിലുണ്ടായ കാലതാമസത്തെ തുടര്‍ന്ന് ഇത് അല്‍പ്പം കൂടി നീളുമെന്നാണ്‌ ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കുമായിരിക്കും ഇന്ധനം നിഷേധിക്കുക.സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹി നഗരത്തില്‍ 500 ഇന്ധന പമ്പുകളാണുള്ളത്. ഇതില്‍ 477 എണ്ണത്തിലും വാഹനങ്ങളുടെ പഴക്കം കണ്ടെത്തുന്നതിനുള്ള യന്ത്രങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. ശേഷിക്കുന്ന 23 പമ്പുകളില്‍ അടുത്ത 15 ദിവസത്തിനുള്ളില്‍ ഇവ ഘടിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കാതിരിക്കുന്നതിലൂടെഇത്തരം വാഹനങ്ങളെ നിരത്തുകളില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. 372 പെട്രോള്‍ പമ്പുകളിലും 105 സിഎന്‍ജി ഫില്ലിങ് സ്റ്റേഷനുകളിലുമാണ് യന്ത്രങ്ങള്‍ ഘടിപ്പിക്കുന്നത് പൂര്‍ത്തിയായിരിക്കുന്നത്. ഈ മാസം അവസാനത്തോടെ എല്ലാ കേന്ദ്രങ്ങളിലും കാലപ്പഴക്കം കണ്ടെത്തുന്നതിനുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ നിരീക്ഷണത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നുമാണ് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചിരിക്കുന്നത്.

മാര്‍ച്ച് മാസത്തിലാണ് 10 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഡല്‍ഹി നഗരത്തിലെ വായു മലിനീകരണ തോത് അപകടകരമായ രീതിയില്‍ ഉയരുന്നത് പരിഗണിച്ചാണ് സര്‍ക്കാരിന്റെ ഈ നീക്കം. വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുകയിലൂടെയുള്ള മലിനീകരണം ഒരുപരിധി വരെ കുറയ്ക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍. അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് 2018-ലാണ് ഡല്‍ഹിയില്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം സുപ്രീംകോടതി വിലക്കിയത്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നത് പോലും കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ വിലക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!