മാനവീയംവീഥിക്ക് പിന്നാലെ നൈറ്റ് ലൈഫിനായി പാളയം ഒരുങ്ങുന്നു; മേയ് അവസാനം തുറക്കും

തിരുവനന്തപുരം: മാനവീയംവീഥിക്കു പിന്നാലെ നഗരത്തിലെ രണ്ടാമത്തെ നൈറ്റ് ലൈഫ് ഇടമായി പാളയവും ഒരുങ്ങുന്നു. സ്മാര്‍ട് സിറ്റിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെ പൊതുവിടങ്ങള്‍ സൗന്ദര്യവത്കരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജ് പ്രധാന കവാടം മുതല്‍ കേരള സര്‍വകലാശാലാ ലൈബ്രറിവരെയുള്ള 200 മീറ്റര്‍ ദൂരത്തില്‍ ഇരുവശങ്ങളിലാണ് സൗന്ദര്യവത്കരണം നടത്തുന്നത്.മാനവീയം വീഥിയുടെ മാതൃകയില്‍ നിര്‍മിക്കുന്ന ഈ പദ്ധതി കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി), കെ-റെയില്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങള്‍, അലങ്കാരച്ചെടികള്‍, സ്മാര്‍ട് ഗാര്‍ഡന്‍, വൈഫൈ, വഴിവിളക്കുകള്‍, കലാപരിപാടികള്‍ അരങ്ങേറാനുള്ള വേദി, കിയോസ്‌ക്, രണ്ട് ഭിന്നശേഷിസൗഹൃദ നടപ്പാതകള്‍, ഫ്‌ളോര്‍ ലൈറ്റ്സ്, കോര്‍പ്പറേഷന്‍ അറിയിപ്പുകള്‍ നല്‍കുന്ന ഉച്ചഭാഷിണി, വീഡിയോ വാള്‍, വിജെടി ഹാളിന്റെ ചരിത്രം പറയുന്ന കൊത്തുപണികള്‍, ലഘുഭക്ഷണശാല എന്നിവയടക്കമാണ് പദ്ധതിയുടെ ഭാഗമായി സ്മാര്‍ട് സിറ്റി നിര്‍മിക്കുന്നത്. നഗരഹൃദയത്തില്‍ നൈറ്റ് ലൈഫ് സജ്ജമാക്കുന്നതോടെ സന്ദര്‍ശകര്‍ കൂടുതല്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. ആളുകള്‍ക്ക് സമയം ചെലവിടാനും വിശ്രമിക്കാനും അനുയോജ്യമായ ഇടമായി പാളയത്തെ നൈറ്റ് ലൈഫ് പദ്ധതി മാറുമെന്നാണ് സ്മാര്‍ട് സിറ്റി അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മാനവീയം വീഥിയുടെ അതേ മാതൃകയിലാണ് നടപ്പിലാക്കുന്നതെങ്കിലും പാളയത്തെ നൈറ്റ് ലൈഫ് പദ്ധതിയില്‍ കൂടുതല്‍ സവിശേഷതകള്‍ ഉള്‍പ്പെടുത്താനാണ് സ്മാര്‍ട് സിറ്റിയുടെ പദ്ധതി.നിര്‍മാണം അന്തിമഘട്ടത്തിലാണ്. 1.80 കോടി രൂപയാണ് നിര്‍മാണച്ചെലവ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച നിര്‍മാണം ശേഷിക്കുന്ന പണികള്‍ പൂര്‍ത്തീകരിച്ച് മേയ് അവസാനത്തോടെ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നാണ് സ്മാര്‍ട് സിറ്റി ഉദ്ദേശിക്കുന്നത്.