ആറളം ഫാമിൽ വാറ്റ് സുലഭം; വാഷിന്റെ മണം കാട്ടാനകളെ ആകർഷിക്കുന്നുവെന്ന് വനം വകുപ്പ്

ഇരിട്ടി(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ വാറ്റ് നിർമാണം കൂടിയിട്ടും പരിശോധന ശക്തമാക്കാതെ പോലീസും എക്സൈസും. ഫാമിലെ 13-ാം ബ്ലോക്കിലാണ് വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്. കാട്ടാനകൾ മറ്റിടങ്ങളിലേക്ക് പോകാതെ അവിടെ തുടരുന്നതിന് പ്രധാന കാരണമായി വനം വകുപ്പ് പറയുന്നതുമിതാണ്.കശുവണ്ടി സീസൺ തുടങ്ങിയതോടെ കശുമാങ്ങയിൽനിന്ന് മറ്റും ചാരായം വാറ്റുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. സ്ത്രീകളിലും കുട്ടികളിലും മദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതായും പരാതിയുണ്ട്. ആദിവാസികൾക്ക് പതിച്ചുനല്കിയ ഭൂമിയിൽ പണിതീർത്ത പല വീടുകളിലും ആൾത്താമസമില്ല. ഇത്തരം വീടുകളും ജനവാസം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ്. വാറ്റ് ഉത്പാദനം വർധിച്ചതോടെ ഫാമിനുള്ളിലേക്ക് പുറമേനിന്ന് എത്തുന്നവരുടെ എണ്ണവും കൂടി. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. കൂടാതെ മോഷണവും മേഖലയിൽ കൂടിയിട്ടുണ്ട്. എക്‌സൈസിന്റെ പരിശോധന വഴിപാടായി മാറുന്നതായും പരാതിയുയരുകയാണ്. 13-ാം ബ്ലോക്കിലാണ് പണിയവിഭാഗങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക് കൂടുതലായും ഭൂമി അനുവദിച്ചത്.
സ്ത്രീകളുടെ പ്രതിരോധവും ലക്ഷ്യം കണ്ടില്ല
വാറ്റും ചാരായവും വൻതോതിൽ വർധിച്ചതോടെ മൂന്നുവർഷം മുൻപ് പ്രദേശത്തെ കുറച്ച് സ്ത്രീകൾ ചേർന്ന് പ്രതിരോധമതിൽ തീർത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ ശ്രമഫലമായി നിരവധി വാറ്റ് കേന്ദ്രങ്ങൾ തകർക്കുകയും പോലീസിനും എക്‌സൈസിനും രഹസ്യവിവരങ്ങൾ നല്കുകയും ചെയ്തിരുന്നു. പ്രതിരോധിച്ചവർക്ക് ഭീഷണിയും കുടുംബങ്ങളിൽനിന്നുള്ള എതിർപ്പും നേരിടേണ്ടിവന്നു.കോവിഡിന്റെ മറവിൽ തഴച്ചുവളർന്ന ചാരായ നിർമാണം പൂർണമായും ഇല്ലാതാക്കാനുള്ള പരിശോധനയൊന്നും തുടർന്ന് ഉണ്ടായിട്ടില്ല. മേഖലയിൽ പതിച്ചുനൽകിയ ഭൂമി കാടുകയറി ആർക്കും എത്തിനോക്കാൻപോലും കഴിയാത്ത രീതിയിലായിരിക്കുകയാണ്. ഇവിടെയാണ് പുറത്തുനിന്ന് എത്തുന്നവരുടെ സഹായത്താൽ വാറ്റ് നടക്കുന്നത്. കാടുകളിലും ഒഴിഞ്ഞ വീടുകളിലും ഇങ്ങനെ ഒളിപ്പിച്ചുവെക്കുന്ന വാഷാണ് കാട്ടാനകൾക്കും ലഭിക്കുന്നത്. വാഷിന്റെ രുചിയറിഞ്ഞ ആന പിന്നീട് ആ പ്രദേശം വിട്ടുപോകാൻ മടികാണിക്കും. ദിവസങ്ങൾക്ക് മുൻപ് വാഷ് കുടിച്ച ആന ബാരൽ ചവിട്ടിപ്പൊട്ടിച്ചിരുന്നു.