തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ ഈവർഷം വന്ദേ സ്ലീപ്പർ ഓടിയേക്കും; ആദ്യ ട്രെയിൻ ഉത്തര റെയിൽവേയ്ക്ക്

കണ്ണൂർ: രാജ്യത്തെ ആദ്യ വന്ദേ സ്ലീപ്പർ തീവണ്ടി ഉത്തര റെയിൽവേയ്ക്ക്. ഈവർഷം പുറത്തിറങ്ങുന്ന മറ്റ് ഒൻപത് വന്ദേ സ്ലീപ്പറുകളിൽ ഒന്ന് കേരളത്തിന് ലഭിക്കും. ദക്ഷിണ റെയിൽവേക്ക് അനുവദിക്കുന്ന 16 കോച്ച് വണ്ടിയുടെ ആദ്യ പരിഗണന കേരളത്തിനാണ്. തിരുവനന്തപുരം-മംഗളൂരു റൂട്ടിനാണ് മുൻഗണന. മറ്റു സോണുകളെ ബന്ധിപ്പിച്ചുള്ള യാത്രയിൽ തിരുവനന്തപുരം-ബെംഗളൂരു, കന്യാകുമാരി-ശ്രീനഗർ (കൊങ്കൺവഴി) റൂട്ടിന്റെ സാധ്യതകളുമുണ്ട്.ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് (ഐസിഎഫ്) വന്ദേ സ്ലീപ്പറിന്റെ രൂപകൽപ്പന. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) ആണ് നിർമിച്ചത്. ശീതീകരിച്ച വണ്ടിയിൽ 1,128 യാത്രക്കാരെ ഉൾക്കൊള്ളും.
നിലവിൽ വന്ദേഭാരതിന്റെ (എട്ട്, 16, 20 ചെയർകാർ) പദ്ധതി ചെന്നൈ ഐ.സി.എഫിൽ ഊർജിതമായി നടക്കുന്നുണ്ട്. ഈ പദ്ധതിയിൽനിന്നുള്ള 16 കോച്ചുള്ള (കാർ) 10 റേക്ക് എടുത്താണ് സ്ലീപ്പറാക്കി മാറ്റുന്നത്. 10 വന്ദേ സ്ലീപ്പറിന് പുറമേ 50 എണ്ണം നിർമിക്കാനുള്ള ഓർഡർ ചെന്നൈ ഐ.സി.എഫിന് ലഭിച്ചു. 2026-27 ലാണ് ഇവ പുറത്തിറങ്ങുക
പ്രത്യേകതകൾ
സുഖകരമായ ബെർത്തുകൾ. ഉൾഭാഗത്തിന്റെ അത്യാധുനീക രൂപകല്പന. വായനയ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രകാശസംവിധാനം. ജിപിഎസ് അധിഷ്ഠിത എൽഇഡി ഡിസ്‌പ്ലേ. പ്രത്യേക പരിഗണനയുള്ളവർക്കുള്ള ബെർത്തുകളും ശൗചാലയങ്ങളും. മോഡുലാർ പാൻട്രി. ഓട്ടോമാറ്റിക് വാതിലുകൾ. കവച് ഉൾപ്പെടെ സുരക്ഷാസംവിധാനം.