കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി ഇന്ന് വിഷു

കണ്ണൂർ: കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി മലയാളികൾക്ക് ഇന്ന് വിഷു. കണിവെള്ളരിയും ഫലങ്ങളും നിറഞ്ഞ ഓട്ടുരുളിയടക്കം കണ്ണിന് ചാരുതയാർന്ന ഐശ്വര്യ കാഴ്ചയുമായി വിഷുപ്പുലരിയിലേക്ക് കണി കണ്ടുണരുകയാണ് മലയാളി. പടക്കവും കണിയും കൈനീട്ടവും സദ്യയുമൊക്കെയായി നാടെങ്ങും വിഷു ആഘോഷിക്കുകയാണ്. കാർഷികോത്സവമാണ് വിഷു. പാടത്തും പറമ്പിലും വിളവെടുപ്പിൻ്റെ ആരവമുയരുന്ന നാളുകൾ. എങ്ങും പൂത്തുലഞ്ഞ കണിക്കൊന്നയുടെ സ്വർണ വർണക്കാഴ്ച. വിഷുക്കണിയും കൈനീട്ടവും പടക്കവും കമ്പിത്തിരിയും മത്താപ്പുമൊക്കെ ആഘോഷത്തിന് ആഹ്ലാദപ്പൊലിമയേകുന്നു. സ്വർണനിറത്തിലുള്ള കണിക്കൊന്നയും കണിവെള്ളരിയും,തൊട്ടടുത്തായി ചക്ക, മാങ്ങ, നാളികേരം തുടങ്ങി വീട്ടുവളപ്പിൽ വിളഞ്ഞ എല്ലാ വിളകളും നവധാന്യങ്ങളും കസവുമുണ്ടും സിന്ദൂരച്ചെപ്പും വാൽക്കണ്ണാടിയും ഗ്രന്ഥവും കൃഷ്ണ വിഗ്രഹവും നിറഞ്ഞു നിൽക്കുന്ന ഓട്ടുരുളിയാണ് വിഷുക്കണിക്കായി ഒരുക്കുക. കണി കണ്ടുകഴിഞ്ഞാൽകഴിഞ്ഞാൽ കൈനീട്ടത്തിന്റെ സമയമാണ്. സമ്പൽസമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടേയെന്ന് അനുഗ്രഹിച്ചുകൊണ്ട് മുതിർന്നവർ ഇളയവർക്ക് കൈനീട്ടം നൽകും.