വറുത്ത കായയ്ക്ക് ‘ചൂടേറും’; ശര്‍ക്കരയുപ്പേരി കിലോയ്ക്ക് 400 രൂപ

കോഴിക്കോട്: വിഷുനാളില്‍ സദ്യക്കൊപ്പം വറുത്ത കായ കാണുന്നത് അപൂര്‍വമായിരിക്കും. നേന്ത്രക്കായയുടെ വിലയും വറുത്ത കായയ്ക്ക് ഉപയോഗിക്കുന്ന മറ്റു വസ്തുക്കളുടെ വിലയും കുതിച്ചുയര്‍ന്നതോടെ വിഷുവിന് വറുത്ത കായയ്ക്ക് ‘ചൂടേറും.’ കഴിഞ്ഞ വിഷുക്കാലത്തെക്കാള്‍ വില കൂടിയതാണ് ഉപഭോക്താക്കളെ വറുത്ത കായ വാങ്ങുന്നതില്‍നിന്ന് പിന്നോട്ടടുപ്പിക്കുന്നത്.കിലോയ്ക്ക് 400 രൂപയാണ് ശര്‍ക്കരയുപ്പേരിയുടെ വില. കാലംതെറ്റിപ്പെയ്ത മഴയാണ് നേന്ത്രക്കായയുടെ വിലവര്‍ധനയ്ക്ക് കാരണം. നാളികേരത്തിന്റെ വിലവര്‍ധന വെളിച്ചെണ്ണയുടെ വിലകൂടാനും കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു. ഒരു ടിന്‍ വെളിച്ചെണ്ണയ്ക്ക് 4575 രൂപയാണ് വില. കഴിഞ്ഞതവണ 2100 രൂപയായിരുന്നു വില. നാള്‍ക്കുനാള്‍ അസംസ്‌കൃതവസ്തുക്കളുടെ വില കൂടുകയാണെങ്കില്‍ വറുത്ത കായ വ്യാപാരം പ്രതിസന്ധിയിലാവുമെന്ന് ഉറപ്പ്.