വേനലവധിയല്ലേ? കാത്തിരിപ്പുണ്ട് സഞ്ചാരികളുടെ പറുദീസയായ കടലുണ്ടി

ഫറോക്ക്: മധ്യവേനലവധിക്കാലം എന്നും ഓർമ്മയിൽ സൂക്ഷിക്കുന്നതിനായി സഞ്ചാരികളെ മാടിവിളിച്ച് കടലുണ്ടി കമ്യൂണിറ്റി റിസർവ്. റിസർവിലെ നാല്പതിലധികം വരുന്ന യാത്രാനൗകകളാണ് സഞ്ചാരികളുടെ കണ്ണിനും കരളിനും കുളിർപകരുന്നതിനായി കാത്തുനിൽക്കുന്നത്. പ്രകൃതിസൗഹൃദയാത്രയായതിനാൽ യന്ത്രംഘടിപ്പിച്ച ബോട്ടുകൾക്ക് ഇവിടെ വിലക്കുണ്ട്. അതിനാൽ, മുളകൊണ്ട് തഴയിട്ടാണ് യാത്ര.ഒരു മണിക്കൂർ, രണ്ടുമണിക്കൂർ എന്നീ സമയദൈർഘ്യമാണുള്ളത്. ഒരു യാത്രാനൗകയിൽ എട്ട് മുതിർന്നവരും രണ്ടു കുട്ടികളുമാണുണ്ടാവുക. ഒരു മണിക്കൂറിന് ആയിരം രൂപയും രണ്ടുമണിക്കൂറിന് 1600 രൂപയുമാണ്. ഭക്ഷണം മുൻകൂട്ടി ബുക്കുചെയ്തും യാത്ര തുടരാം. റിസർവിലെ കാഴ്ചകൾക്കുശേഷം ഹോർത്തൂസ് മലബാറിക്കസ് സസ്യ സർവസ്വം, കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ, മാലിക് ദിനാർ പണികഴിപ്പിച്ച പള്ളി, പോർച്ചുഗീസ് കോട്ട… എന്നിവയുൾപ്പെടെ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങൾ കടലുണ്ടിയിലുണ്ട്.
ഇതുകൂടാതെ വിനോദസഞ്ചാരവകുപ്പ് നടപ്പാക്കുന്ന ഓഷ്യാനസ് പദ്ധതിയും കൈത്തറി, കയർ മേഖലകളെ ടൂറിസം പദ്ധതിയിൽ കോർത്തിണക്കി ഉത്തരവാദിത്വ ടൂറിസം മിഷൻ വില്ലേജ് ലൈഫ് എക്സ്പീരിയൻസിന്റെ വില്ലേജ് സ്ട്രീറ്റ് പദ്ധതിയും കടലുണ്ടിയിലുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് മുപ്പതിൽപ്പരം ബ്ലോഗർമാർ കടലുണ്ടിയിൽ സന്ദർശനം നടത്തിയിരുന്നു. സഞ്ചാരികളുടെ പറുദീസ. റെയിൽവേ സ്റ്റേഷനിൽനിന്ന് 750 മീറ്റർമാത്രം ദൂരെയാണ് ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിറ്റി റിസർവായ കടലുണ്ടി കമ്യൂണിറ്റി റിസർവ്.
കടലുണ്ടി-വള്ളിക്കുന്ന് പഞ്ചായത്തുകളിലായി കടലുണ്ടിപ്പുഴയുടെ തീരത്ത് അറബിക്കടലിന്റെ അഴിമുഖത്തായി 154 ഹെക്ടർ ഭൂമിയിലാണ് കമ്യൂണിറ്റി റിസർവ് പരന്നുകിടക്കുന്നത്. റിസർവിലെ മുപ്പത് ഹെക്ടർ ഭൂമി കണ്ടൽ വനമേഖലയാണ്. പ്രാന്തൻ കണ്ടൽ, നക്ഷത്ര കണ്ടൽ, വലിയ ഉപ്പട്ടി, ചെറിയ ഉപ്പട്ടി, കണ്ണാംപൊട്ടി, പൂക്കണ്ടൽ തുടങ്ങി പന്ത്രണ്ടിനത്തിൽപ്പെട്ട കണ്ടലുകൾ കടലുണ്ടി കമ്യൂണിറ്റി റിസർവിലുണ്ട്. കണ്ടലുകൾക്കിടയിലൂടെയുള്ള തോണിയാത്ര സഞ്ചാരികളുടെ മനംകവരുന്ന കാഴ്ചയാണ്. കൂടാതെ ഗ്രേറ്റ് ഹോട്ട്, ക്ലോബ്പ്ലോവർ, പവിഴക്കാലി, ചോരക്കാലി, പച്ചക്കാലി, വാൾകൊക്കൻ, കാടകൊക്കുകൾ, മണൽക്കോഴികൾ, ടേൺ സ്റ്റോൺ, ഷാർബേഡ്സ്, ഡൺലീൻ, പെരുമുണ്ടി, ചാരമുണ്ടി, ചിന്നമുണ്ടി, കടലുണ്ടി ആള തുടങ്ങി നൂറുകണക്കിന് പക്ഷികൾ കടലുണ്ടി പക്ഷിസങ്കേതത്തിലെ അതിഥികളായി എത്താറുണ്ട്.