പോക്‌സോ കേസുകൾ അന്വേഷിക്കാന്‍ പോലീസില്‍ ഇനി പ്രത്യേക വിഭാഗം

തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേസുകൾ അന്വേഷിക്കാന്‍ കേരള പോലീസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും. ഇനി കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള പോക്‌സോ കേസുകള്‍ അന്വേഷിക്കുന്നത് ഈ വിഭാഗമായിരിക്കും. നാല് ഡി.വൈ.എസ്പി, 40 എസ്.ഐ ഉള്‍പ്പെടെ 304 പുതിയ തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ കൂടിയ സാഹചര്യത്തിൽ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പുതിയ വിഭാഗം രൂപീകരിക്കുന്നത്. ഇതിനായി 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍ ആരംഭിക്കും. എസ്.ഐ മാര്‍ക്കായിരിക്കും യൂണിറ്റിന്റെ ചുമതല. 2012-ലാണ് പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സസ്) നിയമം നിലവിൽ വന്നത്. വ്യക്തി എന്ന നിലയില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് വേണ്ട സംരക്ഷണം ഉറപ്പ് നല്‍കുന്നതിനോടൊപ്പം ഈ നിയമം ചൂഷണങ്ങളില്‍ നിന്ന് സംരക്ഷണവും നീതിയും ഉറപ്പാക്കുന്നു.