ഫേസ്ബുക്കിലും മെസഞ്ചറിലും കൗമാരക്കാര്‍ക്ക് നിയന്ത്രണം- ടീന്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിക്കും

Share our post

ടീന്‍ അക്കൗണ്ട്‌സ് ഫീച്ചര്‍ ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. നേരത്തെ ഇന്‍സ്റ്റഗ്രാമിലും ടീന്‍ അക്കൗണ്ട്‌സ് ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ശക്തമായ സ്വകാര്യതാ നിയന്ത്രണങ്ങളും, പാരന്റല്‍ കണ്‍ട്രോള്‍ ഫീച്ചറുകളും ഉള്‍പ്പെടുന്നതാണ് ടീന്‍ അക്കൗണ്ട് ഫീച്ചര്‍. ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ‘കിഡ്‌സ് ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട്’, ചില്‍ഡ്രന്‍ ആന്‍ഡ് ടീന്‍ ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്ട് തുടങ്ങിയ നിയമങ്ങള്‍ അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ യുഎസില്‍ നടക്കുന്നതിനിടെയാണ് മെറ്റയുടെ ഈ നീക്കം. 13 വയസിന് മുകളില്‍ പ്രായമുള്ളവരെ ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമുകളാണ് ഫെയ്‌സ്ബുക്കും ടിക് ടോക്കും. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയുടെ കാര്യത്തില്‍ നിരന്തര വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നവരാണ് മെറ്റ. മെറ്റയ്ക്കും ടിക്ടോക്കിനും യൂട്യൂബിനുമെതിരെ ഇതിനകം നൂറിലേറെ കേസുകള്‍ നിലവിലുണ്ട്.

എന്താണ് ടീന്‍ അക്കൗണ്ട്?

കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് മെറ്റ ടീന്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. 16 വയസിന് താഴെ പ്രായമുള്ളവരുടെ അക്കൗണ്ടുകളാണ് ടീന്‍ അക്കൗണ്ടുകള്‍. ഇവ ഡിഫോള്‍ട്ട് ആയി പ്രൈവറ്റ് അക്കൗണ്ടുകളായിരിക്കും. അപരിചിതരായ ആളുകള്‍ അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നതിനും ഉള്ളടക്കങ്ങള്‍ കാണുന്നതിനും ഇതുവഴി നിയന്ത്രണം വരും. പുതിയതായി അക്കൗണ്ട് തുടങ്ങുന്ന 16 വയസിന് താഴെയുള്ളവരുടെ ഫേസ്ബുക്ക്, മെസഞ്ചര്‍ അക്കൗണ്ടുകളും നേരത്തെ ഉപയോഗിക്കുന്ന അതേ പ്രായത്തിലുള്ളവരുടെ അക്കൗണ്ടുകളും ടീന്‍ അക്കൗണ്ടായി മാറും.

പരസ്പരം ഫോളോ ചെയ്യുന്നവരോട് മാത്രമേ ടീന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ചാറ്റ് ചെയ്യാനാവൂ. സെന്‍സിറ്റീവ് കണ്ടന്റ് നിയന്ത്രണം ശക്തമായിരിക്കും. അക്രമം, അശ്ലീലത, സൗന്ദര്യവര്‍ധക ചികിത്സകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കപ്പെടും. എക്‌സ്‌പ്ലോര്‍, റീല്‍സ് വിഭാഗങ്ങളിലും ഈ നിയന്ത്രണം കാണാം. ഒരോ ദിവസവും ഒരു മണിക്കൂര്‍ ഉപയോഗത്തിന് ശേഷം ആപ്പ് ഉപയോഗം നിര്‍ത്താനുള്ള നോട്ടിഫിക്കേഷന്‍ പ്രദര്‍ശിപ്പിക്കും. രാത്രി പത്ത് മണിക്കും രാവിലെ ഏഴ് മണിക്കും ഇടയില്‍ സ്ലീപ്പ് മോഡ് ആക്ടിവേറ്റാവും. ഇത് രാത്രിയിലെ നോട്ടിഫിക്കേഷനുകളും മെസേജുകളും നിശബ്ദമാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!