കൃഷ്ണവിഗ്രഹം ഏതുദിശയിൽ വെക്കണം, കണി കാണേണ്ടത് കുളി കഴിഞ്ഞോ, എപ്പോൾ ഉണരണം? എങ്ങനെ വിഷുക്കണിയൊരുക്കാം

Share our post

ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ചൊരിഞ്ഞുകൊണ്ട് മറ്റൊരു വിഷുക്കാലം കൂടി വന്നെത്തുകയാണ്. അതിരാവിലെ എഴുന്നേറ്റ് കണികണ്ട് കൈനീട്ടം വാങ്ങുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കണിയൊരുക്കുന്നതിനും പ്രാധാന്യമുണ്ട്. കണിയൊരുക്കുന്നതിന് ചിട്ടകളേറെയുണ്ടെങ്കിലും എല്ലാത്തിനുമപ്പുറം നമ്മുടെ മനസ്സിലെ നന്മയും വിശ്വാസവും തന്നെയാണ് പ്രധാനം.

ഓരോ വസ്തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാന്‍ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചു വൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവൂ. ഓട്ടുരുളിയിലാണ് കണിയൊരുക്കേണ്ടത്. ഉരുളി തേച്ചുവൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേര്‍ത്തു പകുതിയോളം നിറയ്ക്കുക. ഇതില്‍ നാളികേരമുറി വയ്ക്കണം. നാളികേരമുറിയില്‍ എണ്ണനിറച്ച് തിരിയിട്ടുകത്തിക്കുന്ന പതിവ് ചിലയിടങ്ങളിലുണ്ട്. സ്വര്‍ണ്ണവര്‍ണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്ക്കണം.ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്ക്കേണ്ടത്. ചക്ക, ഗണപതിയുടെ ഇഷ്ടഭക്ഷണമാണെന്നാണ് വിശ്വാസം. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാല്‍ വാല്‍ക്കണ്ണാടി വയ്ക്കാം. ഭഗവതിയുടെ സ്ഥാനമാണ് വാല്‍ക്കണ്ണാടിയ്‌ക്കെന്നാണ് വിശ്വാസം. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാന്‍ കൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവുമറിയുക എന്നും സങ്കല്‍പ്പമുണ്ട്. കൃഷ്ണവിഗ്രഹം ഇതിനടുത്തുവയ്ക്കാം. കൃഷ്ണവിഗ്രഹം അല്ലെങ്കില്‍ ചിത്രവും കിഴക്കു നിന്ന് പടിഞ്ഞാറ് അഭിമുഖമായാണ് വെയ്‌ക്കേണ്ടത്. ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തില്‍ പതിയ്ക്കരുത്.

തൊട്ടടുത്ത താലത്തില്‍ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വര്‍ണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്‍മഷിക്കൂട്ടും ഇതിനൊപ്പം വയ്ക്കുന്നവരുണ്ട്. നാണയത്തുട്ടുകള്‍ വെറ്റിലയ്ക്കും പാക്കിനുമൊപ്പം വേണം വയ്ക്കാന്‍. ലക്ഷ്മിയുടെ പ്രതീകമാണ് സ്വര്‍ണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

പച്ചക്കറി വിത്തുകള്‍ വയ്ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകള്‍ വിതയ്ക്കുന്ന പതിവ് ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയടില്‍ വെള്ളംനിറച്ചുവയ്ക്കണം. ജിവന്റേയും പ്രപഞ്ചത്തിന്റേയും ആധാരമായ ജലം കണ്ണില്‍ത്തൊട്ടശേഷമാവണം കണികാണേണ്ടത്.കണികാണേണ്ടത് എപ്പോഴാണെന്ന സംശയം ചിലര്‍ക്കുണ്ടാവാം. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെഴുന്നേറ്റ് കണി കാണണമെന്നാണ് പഴമക്കാരുടെ വിശ്വാസം. സൂര്യോദയത്തിന് 48 മിനിറ്റ് മുമ്പാണ് ബ്രാഹ്മമുഹൂര്‍ത്തമെന്ന് പറയപ്പെടുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഏകദേശം 4.24 നും 5.12 നുമിടയിലാണ് ബ്രഹ്മമുഹൂര്‍ത്തം. കുളിയും പ്രഭാതകൃത്യങ്ങളും കഴിഞ്ഞ് കണി കാണുന്നത് ഉചിതമല്ല. ഉണര്‍ന്നെഴുന്നേറ്റ് ആദ്യം കാണുന്നതാണല്ലോ കണി. അപ്പോള്‍ കുളി കഴിഞ്ഞു കണ്ടാല്‍ അത് കണിയെന്ന സങ്കല്‍പ്പത്തിന് തന്നെ വിപരീതമാണല്ലോ. പുലർച്ചേ കാണേണ്ടത് കൊണ്ടുതന്നെ തലേന്ന് രാത്രി തന്നെ കണിയൊരുക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!