മാലിന്യം വലിച്ചെറിഞ്ഞ വിഡിയോ പകർത്തിയ യുവാവിന് പാരിതോഷികം ലഭിച്ചു

Share our post

‘എനിക്കുള്ള 25,000 എപ്പോൾ കിട്ടും’ എന്ന ക്യാപ്ഷനോടെ, കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന വിഡിയോ പോസ്റ്റ് ചെയ്ത നസീമിന്റെ അക്കൗണ്ടിലേക്ക് പാരിതോഷികം എത്തി. 25,000 രൂപ മുഴുവാനായും കിട്ടിയില്ലെങ്കിലും 2500 രൂപ പാരിതോഷികം കിട്ടിയതിന്റെ സന്തോഷത്തിലാണ് നസീം. ഗായകൻ എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന വിഡിയോ പകർത്തി പരാതി നൽകിയതിനുള്ള പാരിതോഷികമാണ് നസീമിന് ലഭിച്ചത്. മുളവുകാട് പഞ്ചായത്തിന്റെ എസ്ബിഐ അക്കൗണ്ടിൽ നിന്നും വെള്ളിയാഴ്ചയാണ് നസീമിന് 2,500 രൂപ ലഭിച്ചത്. ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 2,500 രൂപയാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നവർക്ക് ലഭിക്കുക. മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരം സ്വദേശിയായ നസീം വേമ്പനാട്ടു കായലിലൂടെ ബോട്ടിൽ സഞ്ചരിക്കുമ്പോൾ പകർത്തിയ വിഡിയോയാണ് മാർച്ച് 27 ന് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. വിഡിയോയിൽ മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം മുളവുകാട് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് സംഭവം നടന്നതാണെന്ന് ബോധ്യപ്പെട്ടത്. അന്നുതന്നെ വീട്ടുടമയായ എംജി ശ്രീകുമാറിന് 25,000 രൂപ പിഴചുമത്തി നോട്ടീസ് നൽകിയതായി മന്ത്രി പോസ്റ്റിനു താഴെ മറുപടിയിൽ അറിയിക്കുകയും ചെയ്തു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് പരാതികൾ അറിയിക്കുന്നതിനുള്ള വാട്‌സാപ്പ് നമ്പറിനെ പറ്റിയും പാരിതോഷികത്തെക്കുറിച്ചും ഒരു അഭിമുഖത്തിനിടെ മന്ത്രി എംബി രാജേഷ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അത് കണ്ടതോടെയാണ് വിഡിയോ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചതെന്നും നസീം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!