ചെറുതല്ല ആക്രി ബിസിനസ്; ഒരുദിവസം നീക്കുന്നത് 10,000 ടൺ ആക്രിയെന്ന് സംഘടന

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോൾ മാലിന്യനീക്കത്തിൽ ഒരുപങ്ക് ആക്രിക്കച്ചവടക്കാർക്കുമുണ്ട്. സംഘടനയും മൊബൈൽ ആപ്പുമൊക്കെയായി ആക്രിബിസിനസും വളരുകയാണ്. കേരളത്തിൽ ഒരുദിവസം ഏകദേശം 10000 ടൺ ആക്രിസാധനങ്ങൾ നീക്കുന്നുണ്ടെന്നാണ് കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ കണക്ക്. ഇരുമ്പ്, ഇ-മാലിന്യം, പ്ലാസ്റ്റിക്, പേപ്പർ, കുപ്പി, ബാറ്ററി തുടങ്ങി വിവിധതരം ഖരമാലിന്യം ഇതിലുൾപ്പെടും. ഒരുദിവസം കേരളത്തിൽ 12000 ടൺ ഖരമാലിന്യം ഉണ്ടാകുന്നെന്നാണ് കണക്ക്. കിലോയ്‌ക്ക് ഒന്നര രൂപ മുതൽ 100-ന് വരെയാണ് കുപ്പിച്ചില്ല് മുതൽ ബാറ്ററി വരെയുള്ള ആക്രിസാധനങ്ങൾ എടുക്കുന്നത്.
10000 സ്ഥാപനങ്ങൾ
പഴയ സങ്കല്പത്തിൽ ഇതൊരു ചെറിയ കച്ചവടം. പ്രയോഗത്തിലിപ്പോൾ വലിയ ബിസിനസ്. കേരള സ്ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷനാണ് ഈ മേഖലയിലെ അംഗബലമുള്ള പ്രബല സംഘടന. അതിൽമാത്രം 4628 അംഗങ്ങൾ. മറ്റു രണ്ട് സംഘടനകൾ വേറെയുമുണ്ട്. ആക്രിയെടുക്കുന്ന പതിനായിരത്തോളം സ്ഥാപനങ്ങളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. 18 ശതമാനം ജിഎസ്‌ടി അടച്ച് സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇപ്പോൾ ആക്രിവ്യാപാരം. ഏകദേശം മൂന്നുലക്ഷത്തോളം പേർ നേരിട്ടും അല്ലാതെയും ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നു.
ആക്രി, ആപ്പ് വഴി
മൊബൈൽ ആപ്പ് വഴിയും ആക്രിവിൽപ്പന സജീവം. ഇപ്പോൾ ഇതിന് വലിയ സമൂഹ പങ്കാളിത്തവുമുണ്ട്. ആക്രിക്കട എന്ന പേരിലാണ് സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ ആപ്പ്. വിൽക്കാനുണ്ടെന്ന വിവരം അറിയിച്ചാൽ അഞ്ച് കിലോമീറ്റർ പരിധിയിലുള്ള വ്യാപാരികൾക്ക് ആദ്യം വസ്‌തുവിന്റെ വിവരങ്ങൾ നോട്ടിഫിക്കേഷനായി നൽകും. ആപ്പിന്റെ പ്രവർത്തനം അംഗങ്ങൾക്കിടയിൽ പൂർണതോതിലായിട്ടില്ല.