നന്നായി പഠിച്ചാലേ ക്ലാസ്‌കയറ്റം കിട്ടൂ… പദ്ധതി ഈ വേനലവധിക്കാലത്ത് തുടങ്ങും

കോഴിക്കോട്: ഓരോ കുട്ടിയും നന്നായി പഠിച്ചാലേ അടുത്തക്ലാസിലെത്തൂ എന്നുറപ്പാക്കാനുള്ള പദ്ധതിക്ക് ഈ വേനലവധിക്കാലത്ത് തുടക്കമാവും. ഇക്കൊല്ലം എട്ടാംക്ലാസ് പരീക്ഷയെഴുതിയ കുട്ടികളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തോടെയാണ് ഇതിനു തുടക്കമാവുക. ഏപ്രില്‍ നാലിന് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്കുനേടാത്ത കുട്ടികളുടെ പട്ടിക തയ്യാറാക്കല്‍ തൊട്ടടുത്തദിവസംതന്നെ നടത്തും. പ്രധാനാധ്യാപകരും അധ്യാപകരും ചേര്‍ന്നാണ് ഇതു തയ്യാറാക്കുന്നത്. പഠനപിന്തുണവേണ്ട വിദ്യാര്‍ഥികളെയാണ് ഇപ്രകാരം കണ്ടെത്തുക. പഠനപിന്തുണയ്ക്കാവശ്യമായ കാര്യങ്ങള്‍ വിദ്യാലയതലത്തില്‍ ആസൂത്രണംചെയ്യലാണ് അടുത്തഘട്ടം. അത്തരം കുട്ടികളുടെ രക്ഷിതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയശേഷമാണ് പഠനപിന്തുണയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. ഏപ്രില്‍ എട്ടുമുതല്‍ 24 വരെയാണ് മാര്‍ക്കുകുറഞ്ഞ കുട്ടികള്‍ക്ക് വീണ്ടും ക്ലാസുകള്‍ നല്‍കുക. 25 മുതല്‍ 28 വരെ വിലയിരുത്തല്‍ വീണ്ടും നടത്തി, 30-ന് ഫലപ്രഖ്യാപനം നടത്തുന്നവിധത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
കരിക്കുലം നിശ്ചയിച്ച ശേഷികള്‍ ഓരോ ക്ലാസിലും കുട്ടികള്‍ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രത്യേകശ്രദ്ധ നല്‍കിക്കൊണ്ടുള്ള ഈ ക്ലാസുകള്‍. ഇതുകൊണ്ടും ഉദ്ദേശിച്ച ഫലംനേടാനാവാത്ത കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധയും പരിശീലനവും തുടര്‍ന്നുനല്‍കണമെന്നാണ് നിര്‍ദേശം. സ്‌കൂള്‍തലത്തില്‍ പ്രത്യേകപദ്ധതി തയ്യാറാക്കിയാണ് ഇത്തരം കുട്ടികള്‍ക്ക് സഹായം നല്‍കേണ്ടത്. ഏപ്രിലിലെ ക്ലാസുകള്‍കൊണ്ടും ലക്ഷ്യംനേടാനാവാത്ത, കൂടുതല്‍ ശ്രദ്ധയാവശ്യമായ കുട്ടികള്‍ക്ക് പിന്തുണയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മേയിലാണ് നടപ്പാക്കുക. പഠനപിന്തുണ നല്‍കിയിട്ടും അക്കാദമികസഹായം ആവശ്യമുള്ള കുട്ടികള്‍ക്കായി പ്രത്യേകപരിപാടികള്‍ ജൂണിലും നടപ്പാക്കും.എസ്എസ്എല്‍സി വിജയിക്കുന്ന കുട്ടികള്‍ക്കുപോലും ഭാഷയിലും ഗണിതത്തിലും മറ്റും അടിസ്ഥാനശേഷികള്‍പോലുമില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. പൊതുവിദ്യാഭ്യാസമേധാവികള്‍തന്നെ സിബിഎസ്ഇയുമായി താരതമ്യംചെയ്ത് എസ്എസ്എല്‍സിയെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് എഴുത്തുപരീക്ഷയ്ക്ക് 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഈ അധ്യയനവര്‍ഷം എട്ടാംക്ലാസിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒന്‍പത്, പത്ത് ക്ലാസുകളിലുമാണ് എഴുത്തുപരീക്ഷയില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നത്. 40 മാര്‍ക്കുള്ള എഴുത്തുപരീക്ഷയില്‍ 12, 20 മാര്‍ക്കുള്ള എഴുത്തുപരീക്ഷയില്‍ ആറ് എന്നിങ്ങനെയാണ് കുട്ടികള്‍ നേടേണ്ട മാര്‍ക്ക്. ഇതുകിട്ടാത്ത കുട്ടികള്‍ക്കാണ് പ്രത്യേകപഠനപിന്തുണയ്ക്കുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മൂല്യനിര്‍ണയത്തില്‍ കൃത്രിമംനടത്തി കുട്ടികളെ വിജയിപ്പിക്കുന്നത് തടയാനും നടപടികളുണ്ട്. ഉത്തരക്കടലാസുകള്‍ സ്‌കൂളുകളില്‍ത്തന്നെ സൂക്ഷിക്കണമെന്നും വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പരിശോധനയില്‍ ഹാജരാക്കണമെന്നുമാണ് നിര്‍ദേശം. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രവിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലെത്താനാണിതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.