വിദേശത്ത് തൊഴിൽ നേടാൻ രണ്ട് ലക്ഷം വരെ വായ്പ: ‘ശുഭയാത്ര’യുമായി നോർക്ക

വിദേശജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ധനസഹായ പദ്ധതിയുമായി നോർക്ക. നൈപുണ്യ പരിശീലനം, യാത്രയ്ക്കുള്ള പ്രാരംഭ ചെലവ് എന്നിവക്കായി പലിശ സബ്‌സിഡിയോടെ വായ്‌പ ലഭ്യമാക്കുന്ന ശുഭയാത്ര പദ്ധതിയാണ് നോർക്ക പ്രഖ്യാപിച്ചത്. പ്രവാസി നൈപുണ്യ വികസന സഹായം, വിദേശ തൊഴിലിനായുള്ള യാത്ര സഹായം എന്നി ഉപപദ്ധതികൾ ഇതിൽ ഉൾപ്പെടും. 36 മാസ തിരിച്ചടവിൽ രണ്ട് ലക്ഷം രൂപ വരെയാണ് വായ്‌പ. അംഗീകൃത റിക്രൂട്ടിങ് ഏജൻസി മുഖേന ലഭിക്കുന്ന ജോബ് ഓഫറിന്റെ അടിസ്ഥാനത്തിലാണ് വായ്‌പ ലഭിക്കുക. കൃത്യമായി തിരിച്ചടവിന് നാല് ശതമാനം പലിശ സബ്സിഡി 30 മാസത്തേക്ക് നൽകും. ആദ്യത്തെ ആറ് മാസത്തെ മുഴുവൻ പലിശയും നോർക്ക റൂട്ട്‌സ് വഹിക്കും. വിസ സ്റ്റാമ്പിങ്, എച്ച്ആർഡി/ എംബസി അറ്റസ്റ്റേഷൻ, ഇമിഗ്രേഷൻ ക്ലിയറൻസ്, എയർ ടിക്കറ്റുകൾ, വാക്സിനേഷൻ എന്നിവക്കുള്ള ചെലവുകൾക്കായി വായ്പ പ്രയോജനപ്പെടുത്താം.