വാഹനത്തില്‍ നിന്ന് വീട്ടിലേക്ക് വൈദ്യുതി; കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: പകല്‍ ഇലക്ട്രിക് കാറില്‍ ചാര്‍ജ്‌ചെയ്ത വൈദ്യുതി രാത്രി വീട്ടിലേക്ക് ഉപയോഗിക്കാനായാലോ? അതില്‍ കുറച്ച് ഗ്രിഡിലേക്ക് നല്‍കി പണം നേടാനായാലോ ? ഇതെല്ലാം സാധ്യമാകുന്ന വാഹനത്തില്‍നിന്ന് ഗ്രിഡിലേക്ക് (വി ടു ജി) എന്ന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കെഎസ്ഇബി തയ്യാറെടുക്കുന്നു.ഇതിന് മുന്നോടിയായി പകല്‍സമയം പാര്‍ക്കിങ് ഗ്രൗണ്ടുകളിലും സര്‍ക്കാര്‍ഓഫീസുകളിലും ഉള്‍പ്പടെ ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള വ്യാപക സൗകര്യമൊരുക്കും. ഇതിന് താത്പര്യമുള്ള ഏജന്‍സികളെ എംപാനല്‍ ചെയ്യും. വി ടു ജി പ്രയോഗക്ഷമമാക്കാനും കേരളത്തില്‍ ഇതിന്റെ സാധ്യത വിലയിരുത്താനും മുംബൈ ഐഐടിയെ ചുമതലപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചതായി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പറഞ്ഞു.
പകല്‍ വൈദ്യുതിവില തീരെക്കുറവ്
പകല്‍ കേരളത്തില്‍ സൗരോര്‍ജത്തില്‍നിന്നുള്‍പ്പടെ വിലകുറഞ്ഞ വൈദ്യുതി യഥേഷ്ടം കിട്ടാനുണ്ട്. പരമാവധി വില രണ്ടരരൂപവരെ മാത്രമാണ്. പുരപ്പുറ സോളാര്‍ വ്യാപകമായതോടെ, മുന്‍കരാറുകള്‍ വഴി കിട്ടുന്ന വൈദ്യുതിപോലും പകല്‍ ഉപയോഗിക്കാനാകാതെ വരുന്നു. എന്നാല്‍, കേരളത്തില്‍ ഇ-വാഹനങ്ങള്‍ പൊതുവേ ചാര്‍ജ്‌ചെയ്യുന്നത് രാത്രിയിലാണ്. വൈദ്യുതി ഉപയോഗവും നിരക്കും കൂടിനില്‍ക്കുന്നസമയമാണിത്. പകല്‍ വാഹനങ്ങള്‍ കൊണ്ടുപോകുന്നിടത്ത് ചാര്‍ജ് ചെയ്യാന്‍ സൗകര്യമില്ലാത്തതുകൊണ്ടാണ് കുറഞ്ഞനിരക്കിലുള്ള വൈദ്യുതി അതിന് പ്രയോജനപ്പെടാത്തത്. ഇതിനായാണ് ഏജന്‍സികള്‍ വഴി സൗകര്യമൊരുക്കുന്നത്.രാത്രിയില്‍ വീട്ടിലേക്ക് വാഹനത്തില്‍നിന്ന് രാത്രി വീട്ടിലേക്ക് എത്ര വൈദ്യുതി ഉപയോഗിക്കാമെന്ന് മൊബൈല്‍ ആപ്പില്‍ ക്രമീകരിക്കാം. വാഹനത്തിലെ ബാറ്ററി ഇന്‍വെര്‍ട്ടറായി പ്രവര്‍ത്തിക്കും. ഇതിന് ചില സാങ്കേതികക്രമീകരണങ്ങള്‍ വേണ്ടിവരും. വീട്ടുകാര്‍ക്ക് ലാഭമാണിത്. കെഎസ്ഇബിക്ക് രാത്രി ലോഡ് കുറയ്ക്കാം. വിലകൂടിയ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതും കുറയ്ക്കാം.