കൗണ്ടര്‍ വഴിയെടുക്കുന്ന ടിക്കറ്റ് ഇനി ഓണ്‍ലൈനില്‍ റദ്ദാക്കാം; പക്ഷേ പണം കിട്ടാന്‍ അവിടെതന്നെ എത്തണം

ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍ വഴിയെടുക്കുന്ന ടിക്കറ്റുകള്‍ ഇനി യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍വഴി റദ്ദാക്കാം. ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. 139 എന്ന ടോള്‍ ഫ്രീ നമ്പറിലും ഈ സൗകര്യം ലഭിക്കും.രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.എന്നാല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കാന്‍ കഴിയുമെങ്കിലും യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ പണം റിസര്‍വേഷന്‍ കൗണ്ടറിലെത്തി വേണം തരിച്ചുവാങ്ങാന്‍. വെയ്റ്റിങ് ലിസ്റ്റ് അടക്കമുള്ള ടിക്കറ്റുകൾ കൗണ്ടറില്‍ നിന്നെടുക്കുന്നവര്‍ സ്റ്റേഷനിലെത്തി തന്നെ ടിക്കറ്റ് റദ്ദാക്കേണ്ടതുണ്ടോയെന്ന ബിജെപി എംപി മേധാ വിശ്രം കുല്‍ക്കര്‍ണിയുടെ ചോദ്യത്തിനായിരുന്നു റെയില്‍വേ മന്ത്രിയുടെ പ്രതികരണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ടിക്കറ്റ് കൗണ്ടറുകളില്‍ എത്തിക്കുന്ന വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ റദ്ദാക്കും. പണം കൗണ്ടര്‍ വഴി തന്നെ റീഫണ്ടും ചെയ്യും. എന്നാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കൗണ്ടര്‍ വഴിയെടുക്കുന്ന ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി റദ്ദാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനില്‍ റദ്ദാക്കിയ ശേഷം ഒറിജിനല്‍ ടിക്കറ്റുമായി കൗണ്ടറിലെത്തിയാല്‍ പണം തിരികെ നല്‍കും.