അശാസ്ത്രീയ നിറം, മണം; റോഡരികിലെ മാങ്ങയിൽ ‘വ്യാജൻ’,വിൽപ്പനയ്ക്ക് ‘പൂട്ട്’

Share our post

മയ്യിൽ: പലതരം നാട്ടുമാങ്ങകളെത്തിച്ചും മുപ്പെത്താത്ത മാങ്ങകൾക്ക് അശാസ്ത്രീയമായി നിറവും മണവും നൽകി വിൽപ്പന നടത്തുന്നതിന് ‘പൂട്ട്’. ദേശസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങകളുടെ മറവിലാണ് വ്യാജൻമാരുടെ വിൽപ്പന പൊടിപൊടിച്ചതെന്ന് വിദഗ്‌ധ സംഘത്തിന്റെ കണ്ടെത്തലിലാണ് നടപടി.പഞ്ചായത്തിലെ കൊളോളം-വടുവൻകുളം-ചെക്കിക്കുളം പാതയോരങ്ങളിലും കൊളോളം-പാവന്നൂർ മെട്ട-മയ്യിൽ പാതയോരങ്ങളിലുമാണ് അനധികൃത വിൽപ്പനക്കാർ തഴച്ചുവളർന്നത്. മാങ്ങ ഉത്‌പാദനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടും അനധികൃത വിൽപ്പന കേന്ദ്രങ്ങൾ വർധിച്ചുവന്ന സാഹചര്യവും പരാതിക്കിടയാക്കിയിരുന്നു. കുറ്റ്യാട്ടൂർ പഞ്ചായത്ത് കൃഷി ഓഫീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്തധികൃതർ എന്നിവരോടൊപ്പം തളിപ്പറമ്പ് ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും മിന്നൽ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് വിവിധയിടങ്ങളിൽ വിൽപ്പന നടത്തിയത് വ്യാജമാണെന്നും കൃത്രിമരീതിയിൽ പഴുപ്പിച്ചതാണെന്നും കണ്ടെത്തുകയായിരുന്നു. വിൽപ്പന നടത്തുന്നവർക്ക് ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു. സംഘത്തിൽ തളിപ്പറമ്പ് ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ നർസീന, പഞ്ചായത്ത് സെക്രട്ടറി കെ. പ്രകാശൻ, കൃഷി ഓഫീസർ സുരേന്ദ്രബാബു, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സദാനന്ദൻ എന്നിവരും ഉണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!