എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.