പുഞ്ചിരികൾ വിരിയും; മുണ്ടക്കൈ ടൗൺഷിപ്പിന്‌ മുഖ്യമന്ത്രി കല്ലിട്ടു

Share our post

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ ഉയരുന്ന ടൗൺഷിപ്പ്‌ നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. നിയമതടസ്സങ്ങളെല്ലാം മറികടന്ന്‌ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏഴ്‌ മാസങ്ങൾക്കിപ്പുറമാണ് ടൗൺഷിപ്പ്‌ ഉയരുന്നത്. ഓരോ കുടുംബങ്ങൾക്കും ഏഴ്‌ സെന്റിൽ ആയിരം ചതുരശ്രയടി വീടാണ്‌ നിർമിച്ചുനൽകുന്നത്‌. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഭാവിവിൽ രണ്ടു നിലയാക്കാൻ കഴിയുന്ന നിലയിൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള അടിത്തറയാണ്‌ ഒരുക്കുക. മുകൾ നിലയിലേക്ക്‌ പടികളുമുണ്ടാകും.

ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി എന്നിവ ടൗൺഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട്‌ പ്രവൃത്തി പൂർത്തിയാക്കും. ടൗൺഷിപ്പിലേക്ക്‌ വരാത്ത കുടുംബങ്ങൾക്ക്‌ 15 ലക്ഷം രൂപവീതം നൽകും. ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയെയും കേരളം മറികടക്കുകയാണ്‌. വയനാട് പുനരധിവാസം: കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തും- മുഖ്യമന്ത്രി 2024 ജൂലൈ 30ന് പുലർച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടിയത്. നാടാകെ ഒലിച്ചുപോയി. 298പേർ ദുരന്തത്തിൽ മരിച്ചു. മൃതദേഹങ്ങൾ ചാലിയാർവരെ ഒഴുകി. പുന്നപ്പുഴ മരണപ്പുഴയായി. അന്നേവരെ കാണാത്ത രക്ഷാപ്രവർത്തനത്തിന്‌ രാജ്യം സക്ഷിയായി. ദുരിതാശ്വാസ ക്യാമ്പ്‌ ഒരുകുടുംബമായി. സമൂഹ അടുക്കളകളിൽ മനുഷ്യർ സ്‌നേഹം പാകം ചെയ്‌തു. മണ്ണിനടിയിൽ ജീവനുള്ള ഒറ്റമനുഷ്യരും ശേഷിക്കുന്നില്ലെന്ന്‌ ഉറപ്പാക്കുംവരെ രക്ഷാപ്രവർത്തനം തുടർന്നു. സർക്കാർ എല്ലാം നഷ്ടമായ ആയിരങ്ങളെ വാടക വീടുകളിൽ താൽക്കാലികമായി പുനരധിവസിപ്പിച്ചു. ജീവനോപാധിയും ചികിത്സയും ഉറപ്പാക്കി. ധനസഹായംനൽകി. കുഞ്ഞുങ്ങളുടെ പഠനം തിരിച്ചുപിടിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!