സ്റ്റേഷനുകളിലെ പാര്‍ക്കിങ് നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വേ; അധിക തുക നല്‍കി ഹെല്‍മെറ്റ് പ്രത്യേകം സൂക്ഷിക്കാം

സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ വാഹനം പാർക്ക് ചെയ്യാൻ ഇനി ചെലവു കൂടും. പാർക്കിങ് നിരക്കുകള്‍ വർധിപ്പിക്കാൻ റെയില്‍വേ തീരുമാനിച്ചു. ഇരുപതു മുതല്‍ മുപ്പത് ശതമാനം വരെ വർധനയുണ്ടാകും. ഫെബ്രുവരിയിലാണ് ഇതിനുള്ള തീരുമാനമുണ്ടായത്. ആദ്യമായി തിരുവനന്തപുരം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ വർധന നടപ്പാക്കിക്കഴിഞ്ഞു. പുതിയ നിരക്കനുസരിച്ച് അടിസ്ഥാനനിരക്ക് ഇരുചക്രവാഹനങ്ങള്‍ക്ക് രണ്ടു മണിക്കൂർ വരെ 10 രൂപയും രണ്ടു മുതല്‍ എട്ട് മണിക്കൂർ വരെ 20 രൂപയും എട്ട് മുതല്‍ ഇരുപത്തിനാല് മണിക്കൂർ വരെ 30 രൂപയുമാണ്. ഓട്ടോ, കാർ എന്നിവയ്ക്ക് ഇത് യഥാക്രമം 30, 50, 80 എന്നിങ്ങനെയാണ്. മാസാടിസ്ഥാനത്തിലാണെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 600 രൂപയാകും. ഹെല്‍മെറ്റ് പ്രത്യേകം സൂക്ഷിക്കണമെങ്കില്‍ 10 രൂപ ഈടാക്കാനും തീരുമാനമുണ്ട്. ഉടൻതന്നെ വിവിധ സ്റ്റേഷനുകളില്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
2017-ലാണ് അവസാനമായി റെയില്‍വേ പാർക്കിങ് നിരക്കുകള്‍ പരിഷ്കരിച്ചത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കാറ്റഗറിയനുസരിച്ചായിരുന്നു നേരത്തേ ഫീസ് ഈടാക്കിയിരുന്നത്. കേരളത്തില്‍ തിരുവനന്തപുരം സെൻട്രല്‍, കോഴിക്കോട്, എറണാകുളം സ്റ്റേഷനുകളാണ് ഇതനുസരിച്ച് മുൻനിരയിലുള്ളത്. ഇനി മുതല്‍ ഈ രീതിയിലും മാറ്റംവരും. നിലവില്‍ അമൃത് ഭാരത് പദ്ധതിക്കു കീഴില്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 34 സ്റ്റേഷനുകള്‍ 300 കോടിയിലേറെ രൂപ ചെലവിട്ട് നവീകരിക്കുന്നുണ്ട്. ഇവയില്‍ പലതും എൻഎസ്ജി ഗ്രേഡ്(നോണ്‍ സബർബൻ ഗ്രേഡ്) നാല്, അഞ്ച് എന്നിവയില്‍പ്പെടുന്നതാണ്. ഈ സ്റ്റേഷനുകളിലും നിരക്കുവർധനയുണ്ടാകും. അമൃത് ഭാരതില്‍പ്പെടാത്ത, വരുമാനം കൂടുതലുള്ള ചില സ്റ്റേഷനുകളില്‍ പാർക്കിങ്ങിനായും മറ്റും കൂടുതല്‍ സംവിധാനങ്ങളും റെയില്‍വേ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലും ഫീസ് കൂടും.
പാർക്കിങ് രസീതുകള്‍ ഉള്‍പ്പെടെ പ്രിന്റിങ് സംവിധാനത്തിലൂടെയാകും നല്‍കുക. എത്ര വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നു എന്നതുള്‍പ്പെടെയുള്ള കണക്കുകള്‍ കൃത്യമായി അറിയുകയാണ് ലക്ഷ്യം. എട്ടു വർഷത്തിനു ശേഷമാണ് നിരക്കുകള്‍ കൂട്ടുന്നതെന്നും കാലോചിതമായ വർധന മാത്രമേ നടപ്പാക്കിയിട്ടുള്ളൂവെന്നും റെയില്‍വേ അധികൃതർ പറഞ്ഞു. യാത്രക്കാർക്കായി മികച്ച സൗകര്യങ്ങള്‍ സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു.