മട്ടന്നൂരിനെ സമ്പൂർണ്ണ രോഗ രഹിത നഗരസഭയാക്കും

മട്ടന്നൂർ: മട്ടന്നൂരിനെ സമ്പൂർണ്ണ രോഗരഹിത നഗരമാക്കാൻ പദ്ധതിയുമായി നഗരസഭ ബഡ്ജറ്റ്. ഹെല്‍ത്ത് ഈസ് വെല്‍ത്ത്’ സമഗ്ര ആരോഗ്യപദ്ധതിക്ക് 50 ലക്ഷം രൂപ വകയിരുത്തി. 30 മുതല്‍ 50 വയസ് വരെയുള്ളവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി ആവശ്യമുള്ളവർക്ക് ചികിത്സ ഉറപ്പുവരുത്തും. കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളെ കോർത്തിണക്കി ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍, വ്യായാമം എന്നിവയിലൂടെ രോഗ രഹിതസമൂഹം സൃഷ്ടിക്കാനാണ് പദ്ധതി. 92.08 കോടി രൂപ വരവും 84.95 കോടി രൂപ ചെലവും 7.13 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഉപാദ്ധ്യക്ഷ ഒ.പ്രീത അവതരിപ്പിച്ചത്. പഴം പച്ചക്കറി മത്സ്യ മാർക്കറ്റ് പൂർത്തീകരിക്കുന്നതിന് 18 കോടി രൂപ വകയിരുത്തി. നഗരസഭാ മിനി സ്റ്റേഡിയത്തിന്റെ നവീകരണത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചു. നഗരസഭയുടെ നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിന് ‘ ടാക്സ് പ്ലസ് പ്ലാൻ പ്ലസ് ‘ എന്ന പദ്ധതി നടപ്പാക്കും. വസ്തുനികുതി പൂർണമായും അടക്കുന്ന വാർഡിന് 10 ലക്ഷം രൂപ പ്രത്യേകം അനുവദിക്കും. റോഡുകളുടെ നവീകരണത്തിന് 4.8 കോടി രൂപയും തലശ്ശേരി, ഇരിട്ടി റോഡ് സൗന്ദര്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപയും വകയിരുത്തി. ഹരിത ടൗണുകളുടെയും സ്‌നേഹാരാമങ്ങളുടെ വിപുലീകരണത്തിന് ആറുലക്ഷവും രൂപയും നീക്കിവച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നാലു കുളങ്ങളുടെ നവീകരണത്തിന് മൂന്നു കോടി 30 ലക്ഷം രൂപ അനുവദിച്ചു. വന്യമൃഗശല്യം തടയാൻ സ്റ്റീല്‍ ഫെൻസിംഗ് സ്ഥാപിക്കാൻ 10 ലക്ഷം രൂപയും അനുവദിച്ചു. യോഗത്തില്‍ ചെയർമാൻ എൻ.ഷാജിത്ത് അദ്ധ്യക്ഷനായി.