ചിക്കൻ ഷവായ്, ചിക്കൻ കബാബ്, അൽഫാം, ഷവർമ… ജയിൽ രുചികളുമായി കഫെറ്റീരിയ

Share our post

കണ്ണൂർ: ചിക്കൻ ഷവായ്, ചിക്കൻ കബാബ്, അൽഫാം, ഷവർമ… മലബാറിന്റെ ഇഷ്ട വിഭവങ്ങൾ ഇനി ജയിലിലും. സെൻട്രൽ ജയിലിലെ അന്തേവാസികൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ യാത്രക്കാർക്കു നൽകാനുള്ള കഫെറ്റീരിയ ഉദ്ഘാടനത്തിനൊരുങ്ങുന്നു. താഴെ നിലയിൽ 50 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാം. മുകളിൽ 100 പേർക്കിരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയം. കുട്ടികൾക്കുള്ള പാർക്ക്, പൂന്തോട്ടം, ജലധാര എന്നിവയുമുണ്ട്. ഏപ്രിൽ 20നു ശേഷം ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് ജയിൽ അധികൃതർ. അഞ്ചു കൊല്ലം മുൻപ് നിർമാണം ആരംഭിച്ച കഫെറ്റീരിയയ്ക്ക് ഒടുവിൽ ശാപമോക്ഷം എന്നുതന്നെ പറയാം. സംസ്ഥാന സർക്കാരിനു കീഴിലുള്ള നിർമിതിക്കായിരുന്നു നിർമാണക്കരാർ ലഭിച്ചത്. ആദ്യഘട്ടത്തിൽ 89 ലക്ഷവും പിന്നീട് 47 ലക്ഷവും അനുവദിച്ചു. ഒന്നിച്ചു നിർമാണം പൂർത്തിയാക്കാൻ നിർമിതിക്കു കഴിയാത്തതിനാലാണ് പൂർത്തിയാക്കാൻ അഞ്ചു കൊല്ലം വേണ്ടിവന്നതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. അവസാനഘട്ട നിർമാണം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.വിളമ്പുക മലബാർ വിഭവങ്ങൾ .മലബാറിന്റെ രുചിവൈവിധ്യങ്ങളായിരിക്കും കഫെറ്റീയയിൽ ലഭിക്കുക. ഇപ്പോൾ ജയിലിലെ ഫുഡ് കൗണ്ടറിൽ ലഭിക്കുന്ന ചപ്പാത്തി (3 രൂപ), ബിരിയാണി (70), ചില്ലി ചിക്കൻ (65) എന്നിവയ്ക്കു പുറമേ ചിക്കൻ ഷവായ, ചിക്കൻ കബാബ്, അൽഫാം, ഷവർമ എന്നിവയൊക്കെയുണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!