വേനൽച്ചൂടിൽ വറ്റുന്ന പാൽ, പരിപാലനവും ചെലവേറുന്നു; വലഞ്ഞ് ക്ഷീരകർഷകർ

Share our post

അടിക്കടിയുണ്ടായ വിലക്കയറ്റവും പാലിന്റെ ഉത്പാദനക്കുറവുമാണ് ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രശ്നം. വേനൽ കടുത്തതോടെ ദിവസേനയുള്ള പാൽ ഉത്പാദനത്തിൽ കുറവുവന്നതോടെ കർഷകരുടെ നെഞ്ചിൽ തീയാണ്. വേനൽച്ചൂട്‌ ഇനിയും കടുത്താൽ പാലിന്റെ അളവിൽ വൻ ഇടിവുണ്ടാകാനാണ് സാധ്യത. കഴിഞ്ഞ മാസംവരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ, സംഘങ്ങളിൽ എത്തുന്നത് ശാസ്താംകോട്ട ബ്ലോക്കിലാണ്. 15,226.35 ലിറ്റർ പാലാണ് പ്രതിദിനം ഇവിടെ എത്തുന്നത്. 1700 കർഷകരാണ് ബ്ലോക്കിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചടയമംഗലം ബ്ലോക്കിൽ 1415 കർഷകരിൽ നിന്ന്‌ 14,396.89 ലിറ്റർ പാൽ എത്തുന്നുണ്ട്. എറ്റവും കുറവ് തൃക്കരുവ ഗ്രാമപ്പഞ്ചായത്തിലെ നടുവിലച്ചേരിയിൽ നിന്നാണ്.

226 കർഷകരിൽനിന്ന്‌ 2,273 ലിറ്റർ പാൽ മാത്രമാണ് സംഘങ്ങളിൽ എത്തുന്നത്.ഗുണ നിലവാരം അനുസരിച്ച് ഒരുലിറ്റർ പാലിന് സൊസൈറ്റികളിൽനിന്ന് ലഭിക്കുന്നത് 40 രൂപമുതൽ 45 രൂപവരെയാണ്. ഉത്‌പാദനച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാം താളംതെറ്റും. പശുക്കളെ മേച്ചുനടക്കാൻ ഇനിയാവതില്ലെന്നാണ് പരമ്പരാഗതമായി ഒന്നും രണ്ടും പശുവിനെ വളർത്തുന്ന കർഷകർ പറയുന്നത്. വേനൽക്കാലത്ത് നേരിടുന്ന മറ്റൊരു പ്രശ്നം പരിപാലനച്ചെലവാണ്. പച്ചപ്പുല്ല് കിട്ടാനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. സംഘങ്ങളിൽനിന്നു വിതരണം ചെയ്യുന്ന കാലിത്തീറ്റകളുടെ വില 1,600 രൂപവരെയെത്തി. കെഎസ്-1,600, മിൽമ ഗോമതി-1,550, കേരള ഫീഡ്‌സ്-1,600 എന്നിങ്ങനെയാണ് വിലനിലവാരം. കാലിത്തീറ്റയ്ക്കു പുറമേ ഒരുകിലോ പരുത്തിപ്പിണ്ണാക്കിന് 40-45 രൂപയാണ് പൊതുവിപണിവില. ഗോതമ്പുപൊടിക്ക് 30-35, വൈക്കോലിന് 30-35 (ഒരു തിരി) രൂപയും വേണം. കറവക്കൂലിയാണെങ്കിൽ ദിവസം 50-60 രൂപയാകും.

ചൂടാണ്… കാലികൾക്കും വേണം, കരുതൽ

വേനൽ കടുത്തതോടെ കന്നുകാലികളുടെ പരിപാലനത്തിനും പരിചരണത്തിനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ പകൽ 10 മുതൽ വൈകീട്ട് നാലുവരെ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിലോ പാടത്തോ കെട്ടിയിടരുത്. ദിവസേന ഒന്നോ രണ്ടോ തവണ കുളിപ്പിക്കണം. ധാതുലവണമിശ്രിതം, ഉപ്പ്, അപ്പക്കാരം, എ, ഡി, ഇ വിറ്റമിനുകൾ ചേർന്ന മിശ്രിതങ്ങൾ എന്നിവ തീറ്റയിൽ ചേർത്ത് നൽകണം. ശാരീരിക അസ്വസ്ഥത, കാലിടർച്ച, കിതപ്പ്, നാവ് പുറത്തേക്ക് തള്ളുക, പതയോടുകൂടിയ ഉമനീരൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ പശുക്കളിൽ കണ്ടാൽ ഉടൻ അടുത്തുള്ള മൃഗ ഡോക്ടറെ അറിയിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!