ഉളിക്കലില്‍ വയോജനങ്ങള്‍ക്ക് ഹാപ്പിനെസ് പാര്‍ക്ക് ഒരുങ്ങുന്നു

ഉളിക്കല്‍: പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി ഹാപ്പിനെസ് പാർക്ക് ഒരുങ്ങുന്നു. ഉളിക്കല്‍-വള്ളിത്തോട് മലയോര ഹൈവേക്ക് സമീപം കേയാപറമ്ബില്‍ നൂറ്റാണ്ട് പഴക്കമുള്ള പൊതുകുളം നവീകരിച്ചാണ് ഇവിടം വയോജങ്ങള്‍ക്കായുള്ള ഹാപ്പിനെസ് പാർക്കായി മാറ്റുന്നത്. കുളത്തിനു ചുറ്റും ചെടികളും പുല്‍ത്തകിടികളും വച്ചുപിടിപ്പിച്ച് പ്രദേശം മനോഹരമായ പാർക്ക് നിർമിക്കും. സുരക്ഷയ്ക്കായി കുളത്തിന് ചുറ്റം ഹാൻഡ് റെയിലുകള്‍ നിർമിക്കും. സന്ദർശകർക്ക് ഇരുന്ന് വിശ്രമിക്കാൻ ഇരിപ്പടങ്ങള്‍ ക്രമികരിക്കും. അതിക്രമിച്ച് കയറി ചെടികളും മറ്റും നശിപ്പിക്കാതിരിക്കാൻ പാർക്കിന് ചുറ്റും കോണ്‍ക്രീറ്റ് വേലികള്‍ സ്ഥാപിക്കും. ശുദ്ധജലത്തിനായി കുളത്തിന്‍റെ ആഴം വർധിപ്പിച്ച് കല്‍പ്പടവുകള്‍ നിർമിക്കുക എന്നിങ്ങനെയാണു പദ്ധതി. ഇതിനായി പഞ്ചായത്ത് 14 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇരിക്കൂർ മുൻ എം.എല്‍.എയും സാംസ്കാരിക മന്ത്രിയുമായിരുന്ന കെ.സി. ജോസഫ് ഹാഡ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ചാണു കാടുപിടിച്ചു കിടന്ന കുളം നവീകരിച്ചത്. നിലവിലെ കുളം ആഴം കൂട്ടി നവീകരിച്ചാല്‍ ഇരുനൂറോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം നല്‍കാൻ കഴിയുന്ന കുടിവെള്ള പദ്ധതി കൂടിയായി ഇതിനെ മാറ്റാൻ കഴിയുമെന്നത് പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. പാർക്കിന്‍റെ നിർമാണം ഉടൻ പൂർത്തിയാക്കി വയോജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത്പ്രസിഡന്‍റ് പി.സി. ഷാജി പറഞ്ഞു.